കര്‍ഷക തൊഴിലാളികള്‍ക്ക് തങ്ങളുടെ സ്വന്തം ഗ്രാമങ്ങളില്‍ ഉപജീവനമാര്‍ഗം ഉറപ്പാക്കുക എന്ന ലക്ഷ്യമിട്ട് പ്രതിവര്‍ഷം 100 ദിവസം തൊഴില്‍ ഉറപ്പാക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 14 വര്‍ഷം മുന്‍പാണ് രാജ്യത്ത് ആരംഭിച്ചത്. ഇന്ന് അതിഥി തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അതായിരിക്കുന്നു ഏക പ്രതീക്ഷ. കാരണം കൊറോണ മഹാമാരി പൊട്ടി പുറപ്പെടുകയും അതിനെ തുടര്‍ന്ന് രാജ്യത്താകമാനം നടപ്പിലാക്കിയ ലോക്ക് ഡൗൺ മൂലം തൊഴില്‍ നഷ്‌ടപ്പെടുത്തുകയും ചെയ്‌തതോടെ അവരെല്ലാം തങ്ങളുടെ വീടുകളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. കൈയ്യില്‍ 100 രൂപ പോലും എടുക്കാനില്ലാതെ തൊഴില്‍ നഷ്‌ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന നിര്‍ഭാഗ്യവാന്മാരായ തൊഴിലാളികളുടെ എണ്ണം മൊത്തം അതിഥി തൊഴിലാളികളുടെ 64 ശതമാനം വരും. ലോക്ക് ഡൗൺ നടപ്പാക്കുന്നതിന് തൊട്ടു മുന്‍പുള്ള കാലം വരെയുള്ള വേതനം 90 ശതമാനം തൊഴിലാളികള്‍ക്കും ലഭിച്ചിട്ടില്ല എന്നതിനാല്‍ വലിയ തിരിച്ചടിയാണ് അവര്‍ക്ക് ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ജന്മനാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴില്‍ കണ്ടെത്തി ഒരു പുതിയ ജീവിതം ആരംഭിക്കുവാന്‍ ആഗ്രഹിച്ച് മുന്നോട്ട് വരുന്നവരുടെ എണ്ണം ദിവസേന കൂടി കൊണ്ടിരിക്കുന്നത്.
ഏതാണ്ട് ഒമ്പത് കോടി ആളുകള്‍ ഈ പദ്ധതിയിലൂടെ തൊഴിലെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍ 7.5 കോടി ആളുകള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കുവാന്‍ കഴിയുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുവശത്ത് പ്രഖ്യാപിച്ചിരിക്കുന്നു. അതും വര്‍ഷം ശരാശരി 46 ദിവസത്തേക്ക് മാത്രം. ഈ മാസം തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന 4.33 കോടി ജനങ്ങളില്‍ വെറും 50 ശതമാനത്തിനു മാത്രമാണ് തൊഴില്‍ ലഭിക്കാന്‍ പോകുന്നത് എന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. വരാനിരിക്കുന്ന കാലങ്ങളിലാകട്ടെ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടികൊണ്ടേയിരിക്കുകയും ചെയ്യും. 2019-20 വര്‍ഷത്തേക്കുള്ള പുതുക്കിയ കണക്കുകൾ പ്രകാരം തൊഴിലുറപ്പ് പദ്ധതി പ്രകാരം സര്‍ക്കാരിനുണ്ടാകാന്‍ പോകുന്ന ചെലവ് 71000 കോടി രൂപയാണ്. ഇക്കഴിഞ്ഞ ബജറ്റില്‍ 10000 കോടി രൂപയായി ഇത് വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍'' പദ്ധതി പ്രകാരം അത് വീണ്ടും 40000 കോടി രൂപയാക്കി ഉയര്‍ത്തി. ഒരു ലക്ഷം കോടി രൂപക്ക് മേല്‍ വരുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലുറപ്പ് അക്കൗണ്ടിന് കീഴീല്‍ 300 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്.
വളര്‍ന്നു കൊണ്ടിരിക്കുന്ന ആവശ്യം പരിഗണിച്ച് തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ വിശാലമാക്കേണ്ടിയിരിക്കുന്നു. ഈ അസാധാരണമായ സാഹചര്യത്തില്‍ ബജറ്റിലെ പരിമിതികള്‍ എല്ലാം മാറ്റിവെച്ചു കൊണ്ട് സര്‍ക്കാര്‍ ഈ നിര്‍ധനരായ അതിഥി തൊഴിലാളികളുടെ തൊഴില്‍ നഷ്‌ടത്തിലൂടെ ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സഹായിക്കേണ്ടിയിരിക്കുന്നു. കൊറോണ വൈറസ് ബാധ മൂലം സ്വന്തം വീടുകളിലേക്ക് തിരികെ പോരേണ്ടി വന്നവരാണല്ലോ ഇവര്‍. ലോകത്തെ ഏറ്റവും വലിയ പൊതു മരാമത്ത് പദ്ധതി എന്ന് ലോകബാങ്ക് കൊട്ടിഘോഷിച്ചിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലുറപ്പ് പദ്ധതി അതിന്‍റെ കാര്യക്ഷമമല്ലാത്ത നടപ്പിലാക്കല്‍ മൂലം കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ഒന്നാണ്.