ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. ബംഗാള്‍, ഡല്‍ഹി, ബിഹാര്‍, ഹരിയാന, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവയാണ് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങള്‍
വൈകിട്ട് ആറ് വരെയുള്ള കണക്കനുസരിച്ച് 59.70 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗാളിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് (80.1 ശതമാനം). ഡല്‍ഹിയിലും ബീഹാറിലുമാണ് കുറവ് പോളിങ് രേഖപ്പെടുത്തിയത്. ഇരുസംസ്ഥാനങ്ങളിലും യഥാക്രമം 55.4 %, 55 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്. ത്രിപുര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളില്‍ ചില ബൂത്തുകളില്‍ റീ പോളിങും നടന്നു.
ബംഗാളിലെ ബംഗുരയിലും ഗട്ടക്കിലും തൃണമൂൽ പ്രവര്‍ത്തകരും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി. ഗട്ടക്കില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ കാറിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു എന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ശനിയാഴ്ച ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയ പ്രദേശത്തും ചെറിയ രീതിയില്‍ സംഘർഷം ഉണ്ടായി.
ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അവസാനഘട്ട വോട്ടെടുപ്പ് മെയ് 19ന് നടക്കും. ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഛാര്‍ഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഖഡ് എന്നിവിടങ്ങളിലായി 59 സീറ്റുകളിലേക്കാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മെയ് 23ന് ഫലപ്രഖ്യാപനം.