ന്യൂഡല്‍ഹി:രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റില്‍ 99,300 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലക്ക് അനുവദിച്ചത്. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി വിദേശ നിക്ഷേപവും വിദേശ വായ്‌പയും കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപം; 99,300 കോടി രൂപ അനുവദിച്ചു പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് രണ്ട് ലക്ഷം നിർദേശങ്ങള്‍ ലഭിച്ചതായും ധനമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്സുകളും നടപ്പിലാക്കും. ഓൺലൈൻ ഡിഗ്രി കോഴ്സുകളും തുടങ്ങും. ദേശീയ പൊലീസ്, ഫൊറൻസിക് സയൻസ് സർവകലാശാലകൾ സ്ഥാപിക്കും. എഞ്ചിനിയറിങ് വിദ്യാർഥികൾക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഇന്‍റേൺഷിപ്പ് പദ്ധികളും ആവിഷ്കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
വിദേശ മേഖലയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം മേഖലയില്‍ സാധ്യമാക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശങ്ങളിലേക്ക് പോകണ്ടതില്ലെന്നും അത് ഇന്ത്യയില്‍ തന്നെ നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ മേഖലക്കായി സ്റ്റഡി ഇൻ ഇന്ത്യ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. വിദേശ വിദ്യാർഥികൾക്ക് ഇന്ത്യയില്‍ പഠിക്കാൻ അവസരം നല്‍കുകയാണ് ഇതിലൂടെ ലക്ഷമിടുന്നത്. ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങൾക്കായി പ്രവേശന പരീക്ഷ സ്കോളഷിപ്പുകൾ എന്നിവ നടത്തും. അധ്യാപകർ, നഴ്സുമാർ, പാരാമെഡിക്കല്‍ ജീവനക്കാർക്ക് വിദേശത്ത് നിരവധി അവസരങ്ങളുണ്ട്. ഇവർക്ക് വിദേശ ഭാഷകൾ പഠിക്കാൻ കോഴ്സുകൾ ആരംഭിക്കുമെന്നും പറഞ്ഞു.
പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ഡിഗ്രി തലത്തില്‍ ഓൺലൈൻ വിദ്യാഭ്യാസം പ്രോഗ്രാമും നടപ്പാക്കുമെന്ന് ധനമന്ത്രി.