ഹൈദരാബാദ്: ഇന്ത്യയുടെ പരമാധികാര വായ്പാ റേറ്റിങില്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍ പ്രതിഫലിക്കുന്നില്ലെന്ന് സാമ്പത്തിക സര്‍വെ. അതിനാല്‍ കൂടുതല്‍ സുതാര്യതയും കുറഞ്ഞ ഭാവനാത്മകതയും തങ്ങളുടെ റേറ്റിങ്ങുകളില്‍ കൊണ്ടു വരാൻ ആഗോള ഏജന്‍സികള്‍ ശ്രദ്ധിക്കണമെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ സാമ്പത്തിക സര്‍വെയില്‍ പറയുന്നു.
സമ്പദ് വ്യവസ്ഥയുടെ കഴിവും തങ്ങളുടെ കടബാധ്യതകള്‍ തിരിച്ചടക്കുവാനുള്ള അതിന്‍റെ സന്നദ്ധതയും പ്രതിഫലിക്കുന്ന തരത്തില്‍ വായ്പാ റേറ്റിങ്ങ് രീതിശാസ്ത്രത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്ന് പാര്‍ലിമെന്‍റില്‍ സമര്‍പ്പിച്ച 2020-21-ലെ സാമ്പത്തിക സര്‍വെയില്‍ പറയുന്നു. ഇത്തരം പക്ഷപാതപരമായ നിലപാടുകള്‍ക്കെതിരെ ലോകത്തെ വികസ്വര സമ്പദ് വ്യവസ്ഥകള്‍ കൈകോര്‍ക്കുവാന്‍ തയാറാകണം. എന്നാല്‍ മാത്രമേ വായ്പാ റേറ്റിങ്ങുകളിൽ അന്തര്‍ലീനമായിരിക്കുന്ന പക്ഷപാതിത്വവും ഭാവനാത്മകതയും പരിഹരിക്കുവാന്‍ കഴിയുകയുള്ളൂ എന്നും അത് നിര്‍ദേശിക്കുന്നു.
“ലോകത്തെ അഞ്ചാം സ്ഥാനത്തുള്ള നമ്മുടെ സമ്പദ് വ്യവസ്ഥയെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും പരമാധികാര വായ്പാ റേറ്റിങ്ങില്‍ നിക്ഷേപ ഗ്രേഡിലെ ഏറ്റവും താഴെ തട്ടില്‍ (ബി ബി ബി-/ബി എ എ 3) ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരം പരമാധികാര വായ്പാ റേറ്റിങ്ങുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളെ ഒട്ടും തന്നെ പ്രതിഫലിപ്പിക്കുന്നില്ല എന്ന് മാത്രമല്ല, ശബ്ദായമാനവും അസ്പഷ്ടവും പക്ഷപാതപരവുമായ പ്രസ്തുത വായ്പാ റേറ്റിങ്ങ് എഫ്‌പിഐയുടെ ഒഴുക്കിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു,- സര്‍വെ പറയുന്നു.
അതുകൊണ്ടു തന്നെ വായ്പാ റേറ്റിങ്ങ് ഏജന്‍സികളുമായി സഹകരിച്ചു വരുന്ന രാജ്യങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് അവരുടെ വായ്പാ റേറ്റിങ്ങ് രീതി ശാസ്ത്രത്തില്‍ തെറ്റുകള്‍ തിരുത്തേണ്ടതുണ്ടെന്ന ആവശ്യം ഉന്നയിക്കേണ്ടിയിരിക്കുന്നു. ഇത്തരം തിരുത്തല്‍ നടപടികളിലൂടെ ഒരു സമ്പദ് വ്യവസ്ഥയുടെ കഴിവുകളും തങ്ങളുടെ ബാഹ്യ കടങ്ങള്‍ വീട്ടുവാനുള്ള സന്നദ്ധതയും അത്തരം റേറ്റിങ്ങുകളില്‍ പ്രതിഫലിക്കേണ്ടതുണ്ട് എന്നും സര്‍വെ പറയുന്നു.
“മനസ്സില്‍ ഭയമില്ലാതെയും തല ഉയര്‍ത്തി പിടിച്ച് നില്‍ക്കുമ്പോള്‍... പിതാവേ, എന്‍റെ രാജ്യത്തെ അത്തരം ഒരു സ്വര്‍ഗീയമായ സ്വാതന്ത്ര്യത്തിലേക്ക് ഉണര്‍ത്തി എഴുന്നേല്‍പ്പിക്കൂ,'' എന്ന ബംഗാളി കവി രവീന്ദ്രനാഥ് ടാഗോറിന്‍റെ വരികള്‍ ഉദ്ധരിച്ചു കൊണ്ട് പരമാധികാര വായ്പാ റേറ്റിങ്ങ് രീതിശാസ്ത്രം കൂടുതല്‍ സുതാര്യവും കുറവ് ഭാവനാത്മകവും സമ്പദ് വ്യവസ്ഥകളുടെ അടിസ്ഥാന തത്വങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതായി മാറുകയും ചെയ്യേണ്ടത് ഒരു അനിവാര്യതയാണെന്ന് സര്‍വെ പറയുന്നു.
റേറ്റിങ്ങുകള്‍ ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളെ പിടിച്ചെടുത്തിട്ടില്ല. അതിനാല്‍ ഇന്ത്യയെ സംബന്ധിച്ചുള്ള മുന്‍ കാല വായ്പാ റേറ്റിങ്ങുകളിലെ മാറ്റങ്ങള്‍ സെന്‍സെക്‌സിന്‍റെ തിരിച്ചുവരവ്, വിദേശ നാണ്യ വിനിമയം, സര്‍ക്കാര്‍ ഓഹരികളിന്മേലുള്ള ലാഭം എന്നിങ്ങനെയുള്ള തെരഞ്ഞെടുക്കപ്പെട്ട സൂചകങ്ങളില്‍ ഒന്നും തന്നെ കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടില്ല എന്നും സര്‍വെ പറയുന്നു.
“ബൃഹത് സമ്പദ് വ്യവസ്ഥാ സൂചകങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ഒട്ടും തന്നെയോ, വളരെ ദുര്‍ബലമായതോ ആയ പ്രതിഫലനം മാത്രമാണ് മുന്‍ കാല റേറ്റിങ്ങുകളിലെ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. അതിനാല്‍ ശബ്ദായമാനവും പക്ഷപാതപരവുമായ രീതിയില്‍ ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളെ അളക്കുന്ന ഒരു റേറ്റിങ്ങിനോട് ബാധ്യതപ്പെട്ടതായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിലപാട് എടുക്കേണ്ടതില്ല. അതിനു പകരം ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞ പോലെ ഭയലേശമില്ലാത്ത മനസായിരിക്കണം അത് പ്രതിഫലിപ്പിക്കേണ്ടത്,''- മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ തയാറാക്കിയ സര്‍വെ പറഞ്ഞു.
ഉയര്‍ന്നു വരുന്ന വന്‍കിട സമ്പദ് വ്യവസ്ഥകളോട് പരമാധികാര വായ്പാ റേറ്റിങ്ങുകളുടെ കാര്യത്തില്‍ ഒരു പക്ഷപാതം കാണുന്നുണ്ട്. ജിഡിപിയുടെ വളര്‍ച്ചാ നിരക്ക്, പണപ്പെരുപ്പം, പൊതുവായ സര്‍ക്കാര്‍ കടം, രാഷ്ട്രീയ സ്ഥിരത, നിയമപാലനം, അഴിമതി നിയന്ത്രിക്കല്‍, നിക്ഷേപകരെ സംരക്ഷിക്കല്‍, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കല്‍, ഹ്രസ്വകാല ബാഹ്യ കടങ്ങള്‍ (നീക്കിയിരുപ്പുകളുടെ ശതമാനകണക്കില്‍), നീക്കിയിരുപ്പ് ലഭ്യതാ അനുപാതം, പരമാധികാര വീഴ്ച വരുത്തല്‍ ചരിത്രം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ കഴിഞ്ഞ ദശാബ്ദത്തിലെ ചിത്രമെടുക്കുമ്പോള്‍ ഇന്ത്യയുടെ റേറ്റിങ്ങ് വേറിട്ടു പുറത്ത് നില്‍ക്കുന്ന ഒന്നാണെന്നും സര്‍വെ പറയുന്നു.