ലഖ്നൗ: കൊവിഡ് സ്ഥിരീകരിച്ച് ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന 25കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ ഡോക്ടറെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. അലിഗഡിലെ ദീൻ ദയാൽ ആശുപത്രിയിലെ ഡോക്ടർ തുഫൈൽ അഹ്മദിനെതിരെ (30) കേസെടുക്കുകയും പിന്നീട് ഒരു ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി വനിതാ വാർഡിൽ സന്ദർശനം നടത്തിയ ഇയാൾ പരിശോധന നടത്തുന്നതിന്‍റെ മറവിൽ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായി പെൺകുട്ടി പരാതിയിൽ പറഞ്ഞു. ബുധനാഴ്ച രാവിലെ ഡോക്ടർ വീണ്ടും സന്ദർശനം നടത്തുകയും അതേ പ്രവൃത്തി ആവർത്തിക്കുകയും ചെയ്തു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസ് ഫയൽ ചെയ്തത്.
ഉത്തർപ്രദേശിൽ കൊവിഡ് രോഗിയ്ക്ക് നേരെ ബലാത്സംഗം ശ്രമം; ഡോക്ടർ അറസ്റ്റിൽ
വനിതാ വാർഡിൽ സന്ദർശനം നടത്തിയ ഇയാൾ പരിശോധന നടത്തുന്നതിന്‍റെ മറവിൽ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായി പെൺകുട്ടി പരാതിയിൽ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളിൽ ഡോക്ടർ പിപിഇ കിറ്റും കയ്യുറകളും ധരിക്കാതെ ഐസൊലേഷൻ വാർഡിലേക്ക് പോയതായി കാണാമെന്ന് പൊലീസ് പറഞ്ഞു. ക്വാർസി പോലീസ് സ്റ്റേഷനിൽ ഐപിസിയുടെ 376(2) ഡി (തന്‍റെ ഔദ്യോഗിക സ്ഥാനം മുതലെടുത്ത് സ്ത്രീയെ ബലാത്സംഗം ചെയ്യുക) പ്രകാരം ഡോക്ടർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സിവിൽ ലൈൻസ് സർക്കിൾ ഓഫീസർ അനിൽ സമാണിയ പറഞ്ഞു. ആശുപത്രിയുടെ ചീഫ് മെഡിക്കൽ സൂപ്രണ്ടിൽ (സിഎംഎസ്) നിന്ന് റിപ്പോർട്ട് തേടിയതായും തുടർനടപടികൾക്കായി ഇത് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും അഡീഷണൽ സിറ്റി മജിസ്‌ട്രേറ്റ് രഞ്ജിത് സിങ്ങ് അറിയിച്ചു.
ഡൽഹിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പെൺകുട്ടി അലിഗഡിലെ വീട്ടിലെത്തിയതിന് ശേഷം കൊവിഡ് ലക്ഷണങ്ങൾ കാണിക്കുകയും അടുത്ത ദിവസം രോഗം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.