ചെന്നൈ: സംസ്ഥാനത്ത് ഈ മാസം അവസാനം വരെ ലോക് ഡൗൺ നീട്ടണമെന്ന് തമിഴ്‌നാട് സർക്കാരിനോട് പ്രതിപക്ഷ പാർട്ടി ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ആവശ്യപെട്ടു. മെയ് ഒന്ന് വരെ ലോക് ഡൗൺ നീട്ടാൻ തീരുമാനിച്ച പഞ്ചാബിനെയും ഈ മാസം അവസാനം വരെ ലോക് ഡൗൺ ഉണ്ടാകുമെന്ന് അറിയിച്ച ഒഡീഷയെയും പോലെ അധികം താമസിയാതെ തമിഴ് നാട്ടിലും ഇത് നടപ്പിലാക്കാനുള്ള തീരുമാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കെ. പളനിസ്വാമിക്ക് അയച്ച കത്തിൽ ഡിഎംകെ പ്രസിഡന്‍റ് എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. സംസ്ഥാനം കൊവിഡ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തിലാണെന്ന് സൂചനയുള്ളപ്പോൾ ലോക് ഡൗൺ നടപ്പിലാക്കി ഐസോലേഷൻ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിൽ ലോക് ഡൗൺ നീട്ടണമെന്ന് പ്രതിപക്ഷം; സർക്കാരിന് കത്തയച്ചു - മുഖ്യമന്ത്രി കെ. പളനിസ്വാമി
ഉടനെ തന്നെ തമിഴ് നാട്ടിലും ലോക് ഡൗൺ നീട്ടാനുള്ള തീരുമാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കെ. പളനിസ്വാമിക്ക് അയച്ച കത്തിൽ ഡിഎംകെ പ്രസിഡന്‍റ് എം.കെ സ്റ്റാലിൻ വ്യക്തമാക്കി
അതേ സമയം, പാവപ്പെട്ടവർക്കും കർഷകർക്കും തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും കൂടുതൽ സഹായങ്ങൾ നൽകണം. പൊതുജനങ്ങൾക്ക് അരിയും ഭക്ഷ്യധാന്യങ്ങളും വിതരരണം ചെയ്യുന്നത് പോലെ 5,000രൂപയുടെ ധനസഹായവും നൽകണമെന്ന് സ്റ്റാലിൻ പറഞ്ഞു. എംഎൽഎമാരുടെ ഫണ്ടിൽ നിന്ന് ഒരു കോടി സമാഹരിച്ച് കൊവിഡ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാമെന്ന തമിഴ്‌നാട് സർക്കാരിന്‍റെ തീരുമാനത്തെ സ്റ്റാലിൻ എതിർത്തു. എംഎൽഎമാരുടെ ധാർമിക അവകാശമാണ് ഫണ്ടെന്നും അത് സംസ്ഥാന ഗവൺമെന്‍റിന് പിടിച്ചുവാങ്ങാൻ യാതൊരു അവകാശവുമില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. കൂടാതെ, സംസ്ഥാനം വൈറസ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അതിനെ നേരിടാനുള്ള എല്ലാ മുൻകരുതലുളും സ്വീകരിക്കണമെന്നും കത്തിൽ ഡിഎംകെ പ്രസിഡന്‍റ് പരാമർശിക്കുന്നുണ്ട്.