ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ശുദ്ധവായുവിന്‍റെ ഗുണനിലവാരത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. വായു ഗുണനിലവാര സൂചിക പ്രകാരം രാവിലെ 10 മണിക്ക് 174 പോയിന്‍റാണ് രേഖപ്പെടുത്തിയത്. ശനിയാഴ്‌ച ഇത് 189 ആയിരുന്നു. 24 മണിക്കൂറിനിടെ വലിയ കുറവാണ് വായു ഗുണനിലവാരത്തില്‍ ഉണ്ടായിരിക്കുന്നത്. വായുവിന്‍റെ ഗുണനിലവാരം മോശം എന്ന ഘട്ടത്തിലേക്ക് ഉടൻ മാറുമെന്ന സൂചനകളാണ് ഈ കണക്കുകള്‍ നല്‍കുന്നത്.
ഡല്‍ഹിയില്‍ വായു ഗുണനിലവാരം കുറയുന്നു
വായു ഗുണനിലവാര സൂചിക പ്രകാരം രാവിലെ 10 മണിക്ക് 174 പോയിന്‍റാണ് രേഖപ്പെടുത്തിയത്.
1 മുതല്‍ 50 വരെയുള്ള സൂചികയിലുള്ള വായു ഗുണനിലവാരം മികച്ചതായാണ് പരിഗണിക്കുന്നത്. 51 മുതല്‍ 100 വരെയെങ്കില്‍ തൃപ്തികരമെന്നും 101 മുതല്‍ 200വരെ ഭേദമെന്നും 201 മുതല്‍ 300 വരെ മോശമെന്നും 301 മുതല്‍ 400 വരെ അതീവ മോശമെന്നും 401 മുതല്‍ 500 വരെ ഗുരുതരമെന്നുമാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡല്‍ഹിയുടെ പല ഭാഗത്തും കാറ്റടിക്കുന്നുണ്ട്. ഇത് വായുവിന്‍റെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. സമീപ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും വിളവെടുപ്പിന് ശേഷം പാടത്തിന് തീയിടുന്ന സമയമാണിത്. ശക്തമായി കാറ്റില്‍ അവിടങ്ങളില്‍ നിന്നും പുകയും പൊടിയും ഡല്‍ഹിയിലേക്കെത്തുന്നുണ്ട്. അതേസമയം ഡല്‍ഹിയിലെ ചൂടില്‍ ചെറിയ കുറവും ഇന്ന് രേഖപ്പെടുത്തി. 18.5 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നത്തെ ആവറേജ് ചൂട്.