ഡൽഹി തെരഞ്ഞെടുപ്പ്; ആംആദ്‌മി സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 ആണ്.
ന്യൂഡൽഹി: ഡല്‍ഹി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആംആദ്‌മി സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മന്ത്രിമാരായ ഇമ്രാൻ ഹുസൈൻ, ഗോപാൽ റായ്, സിറ്റിംഗ് എംഎൽഎ സോംനാഥ് ഭാരതി എന്നിവരാണ് ഒടുവില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡൽഹി സാമൂഹ്യക്ഷേമ മന്ത്രി രാജേന്ദ്ര പാൽ ഗൗതം, രാഘവ് ചദ്ദ എന്നിവർ യഥാക്രമം സീമാപുരി, രജീന്ദർ നഗർ സീറ്റുകളിൽ നാമനിർദ്ദേശം നൽകി. ബല്ലിമാരനിൽ നിന്ന് ഇമ്രാൻ ഹുസൈൻ പത്രിക സമർപ്പിച്ചപ്പോൾ ഗോപാൽ റായ് ബാബർപൂരിൽ നിന്ന് നാമനിർദ്ദേശം സമർപ്പിച്ചു. മുതിർന്ന ആം ആദ്‌മി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, എംഎൽഎമാരായ നിതിൻ ത്യാഗി, കൈലാഷ് ഗഹ്‌ലോട്ട്, അതിഷി എന്നിവർ ഇതിനകം നാമനിർദ്ദേശ പത്രിക നൽകിയിട്ടുണ്ട്. ആം ആദ്‌മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, രാഷ്ട്രീയ മഞ്ച് പാർട്ടി, അസൻക്യ സമാജ് പാർട്ടി എന്നിവയിൽ നിന്നുള്ള 94 സ്ഥാനാർഥികളാണ് ശനിയാഴ്ച 141 നാമനിർദ്ദേശങ്ങൾ സമർപ്പിച്ചത്. ഇതോടെ ആകെ നാമനിർദ്ദേശങ്ങളുടെ എണ്ണം 214 ആയി ഉയർന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 ആണ്.