ന്യൂഡൽഹി:ഗൗച്ചർ എന്ന അപൂർവ രോഗം ബാധിച്ച 18 മാസം പ്രായമുള്ള പെൺകുട്ടിയെ ചികിത്സിക്കാൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് (എയിംസ്) ഡൽഹി ഹൈക്കോടതി നിർദേശം നൽകി. പല സർക്കാർ ആശുപത്രികളിലും ചികിത്സ നടത്തിയിരുന്നെങ്കിലും അതൊന്നും ഫലം കാണാത്തതിനെ തുടർന്നാണ് കുട്ടിയുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. അപൂർവങ്ങളിൽ അപൂർവമായ രോഗം ചികിത്സിച്ച് മാറ്റുന്നതിനുള്ള ധനസഹായവും അലിഷാ ഖാന് നൽകേണ്ട ചികിത്സാ രീതിയെകുറിച്ചുള്ള നിർദേശവും നൽകണമെന്നതായിരുന്നു രക്ഷിതാക്കളുടെ ആവശ്യം. ഇതാണ് കോടതിയോട് മാതാപിതാക്കൾ അഭ്യർഥിച്ചിരിക്കുന്നത്.
അപൂർവ രോഗം ബാധിച്ച കൈക്കുഞ്ഞിന് സൗജന്യ ചികിത്സ നൽകണമെന്ന് ഡൽഹി ഹൈക്കോടതി - എയിംസ്
അപൂർവങ്ങളിൽ അപൂർവമായ ഗൗച്ചർ രോഗത്തിനുള്ള ചികിത്സ എയിംസിൽ നിന്ന് സൗജന്യമായി നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
ജനിതക തകരാറുമൂലം ഉണ്ടാകുന്ന രോഗത്തിന് മാസം തോറും3.5ലക്ഷം രൂപയാണ് ചികിത്സാ ചിലവ്. കുട്ടിയുടെ പ്രായവും കൂടി കണക്കിലെടുത്തായിരുന്നു അലിഷയ്‌ക്ക് സൗജന്യ ചികിത്സ നൽകാൻ കോടതി ഉത്തരവിട്ടത്. അപൂർവ രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള ദേശീയ നയം 2018ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും ചില സംസ്ഥാന ഗവൺമെന്‍റുകൾ ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഈ വർഷം ജനുവരി 13ന് ഇതിന്‍റെ കരട് നയം പ്രാബല്യത്തിൽ വന്നു. എന്നാൽ, ഇതുവരെയും അപൂർവ രോഗങ്ങൾക്കുള്ള ചികിത്സാ നിർദേശത്തെയും ധനഹായത്തെയും കുറിച്ച് പ്രതിപാദിക്കുന്ന വ്യക്തമായ ഒരു പോളിസി പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.