ബലാക്കോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെ സംബന്ധിച്ചുളള വിവാദങ്ങളിൽ പ്രതികരണവുമായി പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ. മിന്നാലാക്രമണം സംബന്ധിച്ചുളള വിശദാംശങ്ങള്‍ വിദേശ കാര്യ സെക്രട്ടറി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു പ്രതിരോധ മന്ത്രി പറഞ്ഞത്.മിന്നാലാക്രമണം സംബന്ധിച്ച സർക്കാരിന്‍റെ പ്രതികരണമാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഘലെ നൽകിയത്. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സബന്ധിച്ച് അദ്ദേഹം എന്തു പറഞ്ഞോ അതാണ് സർക്കാരിന്‍റെ കണക്ക്. നിർമ്മല പറഞ്ഞു.
മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരർ എത്ര? നിലപാട് വ്യക്തമാക്കി പ്രതിരോധ മന്ത്രി - മിന്നലാക്രണം
മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരുടെ എണ്ണം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് പ്രതിരോധ മന്ത്രിയുടെ വിശദീകരണം.
ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഫെബ്രുവരി 26ന് നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. പിന്നാലെ കൊല്ലപ്പെട്ടത് 250 മുതൽ 300 വരെ ഭീകരരാണെന്ന തരത്തിൽ വാർത്തകള്‍ വന്നു. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ 250 ഓളം ഭീകരർ കൊല്ലപ്പെട്ടെന്ന് പൊതുവേദിയിൽ പറഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതോടെ മിന്നലാക്രമണം ബിജെപി രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് വിമർശനം ഉയർന്നു. ഭീകരർ കൊല്ലപ്പെട്ടതിന് തെളിവുകള്‍ ചോദിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. കൊല്ലപ്പെട്ട ഭീകരരുടെ കണക്കെടുക്കൽ തങ്ങളുടെ ജോലിയല്ലെന്ന് വ്യക്തമാക്കി എയർ ചീഫ് മാർഷൽ ബിഎസ് ധനോവയുടെ പ്രതികരണവും വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി തന്നെ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പും വ്യോമസേനയുടെ മിന്നലാക്രമണവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. ഇന്ത്യക്കെതിരെ പാകിസ്ഥാനിൽ നടക്കുന്ന ഭീകര പ്രവർത്തനങ്ങളെ സംബന്ധിച്ചുളള ഇന്‍റലിജൻസ് വിവരങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇതൊരു സൈനിക നടപടിയായിരുന്നില്ല, സ്വയം പ്രതിരോധമായിരുന്നെന്നും നിര്‍മ്മലാ സീതാരാമന്‍ വിശദീകരിച്ചു.