ന്യൂഡല്‍ഹി: രാജ്യത്ത് ആന്‍റി വൈറസ് മരുന്നായ ഫവിപിറവിറിന്‍റെ ഉല്‍പാദനവും വില്‍പനയും നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ഫവിപിറവിര്‍ മരുന്ന് ഉപയോഗിച്ചുള്ള കൊവിഡ് ചികിത്സ വിജയിച്ചതിനെ തുടര്‍ന്നാണ് അനുമതി. കൊവിഡ് 19 പ്രത്യേക വിദഗ്‌ധ സംഘത്തിന്‍റെ നിര്‍ദേശ പ്രകാരം സാധാരണ കൊവിഡ് രോഗികളില്‍ ഫവിപിറവിര്‍ ഉപയോഗിച്ച് ചികിത്സ നടത്താന്‍ ഇന്ത്യന്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കലിന് അനുമതി നല്‍കിയിരുന്നു. ഗ്ലെന്‍മാര്‍ക്കിന് തന്നെയാണ് മരുന്നിന്‍റെ ഉല്‍പാദന ചുമതലയും നല്‍കിയിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിതമായി ഈ മരുന്ന് ഉപയോഗിക്കാനാണ് ഡിസിജിഐയുടെ നിര്‍ദേശം. കൊവിഡ് ക്ലിനിക്കല്‍ ട്രയലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ഗ്ലെന്‍മാര്‍ക്ക്.
കൊവിഡ് ചികിത്സക്ക് ഫവിപിറവിറിന്‍റെ ഉല്‍പാദനവും വില്‍പനയും നടത്താന്‍ ഡിസിജിഐ അനുമതി - ഡിസിജിഐ
ഫവിപിറവിര്‍ മരുന്ന് ഉപയോഗിച്ചുള്ള കൊവിഡ് ചികിത്സ വിജയിച്ചതിനെ തുടര്‍ന്നാണ് അനുമതി.
34 ഗുളികകള്‍ അടങ്ങിയ ഫവിപിറവിറിന്‍റെ ഒരു സ്‌ട്രിപ്പിന് 3,500 രൂപയാണ് വില. അത്തരത്തില്‍ 122 ഗുളികകള്‍ രണ്ടാഴ്‌ച കൊണ്ട് കഴിക്കണം. മരുന്ന് വിജയം കണ്ടതോടെ മൂന്ന് മാസം ട്രയല്‍ നടത്തിയതിന്‍റെ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ ഗ്ലെന്‍മാര്‍ക്കിനോട് ആവശ്യപ്പെട്ടതായി ഡിസിജിഐ അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 3,950,43 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 2,138,30 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 1,682,69 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയില്‍ രോഗം ഭേദമാകുന്നവരുടെ നിരക്ക് 54.13 ശതമാനമാണ്. 12,948 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു.