ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ അഹമ്മദാബാദിൽ ചേരാനിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റിവച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ പാക് വ്യോമ സംഘര്‍ഷം യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പ്രവർത്തക സമിതി യോഗം മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്.
യുദ്ധ സമാന സാഹചര്യം: കോൺഗ്രസ് പ്രവർത്തക സമിതി മാറ്റിവച്ചു - election
അതിര്‍ത്തിയിലെ സാഹചര്യം ബിജെപി രാഷ്ട്രീയമായി മുതലെടുക്കുന്നുവെന്ന് ആരോപണം.
അതിര്‍ത്തിയിലെ പ്രത്യക സ്ഥിതി വിശേഷവും സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്താണ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വയ്ക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുര്‍ജേവാല വിശദീകരിച്ചു. നാളത്തെ യോഗത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയും പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് റാലിയും മാറ്റിവച്ചിട്ടുണ്ട്.
പുൽവാമ അക്രമണത്തെ അപലപിച്ചും, അതിര്‍ത്തിയിലെ സാഹചര്യം ബിജെപി രാഷ്ട്രീയമായി മുതലെടുക്കുന്നതിനെതിരെയും പ്രതിപക്ഷ പാര്‍ട്ടികൾ സംയുക്ത പ്രസ്താവന ഇറക്കി. കോണ്‍ഗ്രസ് അടക്കമുളള 21 പാര്‍ട്ടികളാണ് പ്രസ്താവന ഇറക്കിയത്.