ഈ മാസം ഇരുപത്തിനാലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി.ഡി.എസ്) തസ്തികയെ ജാഗ്രതയോടെ സ്വാഗതം ചെയ്യേണ്ടതുണ്ട്. 2001 വരെ സജീവമായി നിന്ന ആശയം മോദി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. എന്നാല്‍ ഏറ്റവും വലിയ വെല്ലുവിളി ഈ തസ്തിക എത്രത്തോളം ശക്തമാകുമെന്നതും ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ ഇതിനുള്ള സ്ഥാനം എങ്ങനെയാകും എന്നതുമാണ്. രാജ്യത്തെ മൂന്ന് സേനകളുടെ ഏകോപനവും സൈനിക വിഷയങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കുന്നതും സിഡിഎസിന്‍റെ പ്രധാന ചുമതലകളാണ്. പഞ്ച നക്ഷത്ര പദവിയോടെ നിലവിലെ സൈനിക നേതൃത്വത്തിന് മുകളിലായി ഒരു സൂപ്പര്‍ ചീഫായാണ് സിഡിഎസ് പദവിയെ പ്രതീക്ഷിക്കപ്പെട്ടത്. ഇതിനായി മറ്റു ജനാധിപത്യ രാജ്യങ്ങളിലെ മാതൃകകള്‍ പോലും താരതമ്യം ചെയ്തു.
അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ മോദി സര്‍ക്കാരിന്‍റെ ദേശീയ സുരക്ഷാ നയത്തെ അടിസ്ഥാനമാക്കി ഒരു ഇന്ത്യന്‍ മാതൃകയാണ് രൂപംകൊണ്ടത്. മൂന്ന് സൈനിക വിഭാഗങ്ങളുടേയും വിഷയങ്ങളില്‍ പ്രതിരോധമന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവായി അദ്ദേഹം പ്രവര്‍ത്തിക്കും. എന്നാല്‍ മൂന്ന് മേധാവികളും അതത് വിഷയങ്ങളില്‍ പ്രതിരോധമന്ത്രിക്ക് ഉപദേശം നല്‍കുന്നത് തുടരും. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നിഷ്‌പക്ഷമായ ഉപദേശം നല്‍കാനാനും സിഡിഎസിന് കഴിയും. എന്നാല്‍ സൈനിക നീക്കങ്ങള്‍ അടക്കമുള്ള നടപടികള്‍ക്ക് ഉത്തരവിടാന്‍ സിഡിഎസിന് അധികാരമില്ല. ചുരുക്കത്തില്‍ പ്രതിരോധമന്ത്രിയുടെ മുഖ്യ ഉപദേശകന്‍റെ ചുമതലയാണ് സിഡിഎസ് വഹിക്കേണ്ടത്. അതോടൊപ്പം ചീഫ് ഓഫ് സ്റ്റാഫ് കമ്മറ്റിയുടെ സ്ഥിരം ചെയര്‍മാനായും സൈനികകാര്യ വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിക്കണം. സൈനിക മേധാവികളുടെ തുല്യ ശമ്പളം സിഡിഎസിന് ഉണ്ടാകും. എന്നാല്‍ പ്രോട്ടോക്കോളിന്‍റെ അടിസ്ഥാനത്തില്‍ മറ്റു മേധാവികളേക്കാള്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കും. സംയുക്ത ആസൂത്രണത്തിലൂടെയും ആവശ്യകതകളുടെ സംയോജനത്തിലൂടെയും സൈനിക വിഭാഗങ്ങളിലെ ജീവനക്കാരേയും പരിശീലനത്തേയും പ്രോത്സാഹിപ്പിക്കുക, സൈനിക കമാന്‍ഡുകളുടെ പുനര്‍വിന്യാസവും സേനാ വിന്യാസങ്ങളുടെ ഏകീകരണവും വഴി വിഭവ വിനിയോഗം കാര്യക്ഷമമാക്കുക, തദ്ദേശീയ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവാണ് സിഡിഎസ് നിര്‍വഹിക്കേണ്ട മറ്റ് ചുമതലകള്‍.