കേരളം

kerala

ETV Bharat / bharat

സിപിഐ (മാവോയിസ്റ്റ്) ലോകത്തെ ആറാമത്തെ ഭീകര സംഘടനയെന്ന് അമേരിക്ക - sixth deadliest terror outfit

ഭീകരവാദം ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അഫ്‌ഗാനിസ്ഥാൻ, സിറിയ, ഇറാഖ് എന്നി രാജ്യങ്ങളാണ് ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍

സിപിഐ (മാവോയിസ്റ്റ്) അപകടകാരിയായ ആറാമത്തെ ഭീകരസംഘടനയെന്ന് യുഎസ് റിപ്പോര്‍ട്ട്

By

Published : Nov 6, 2019, 12:53 PM IST

Updated : Nov 6, 2019, 1:00 PM IST

ന്യുഡല്‍ഹി : ലോകത്തെ ആറാമത്തെ ഭീകരവാദ സംഘടനയാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്‌ റിപ്പോര്‍ട്ട്. ഭീകരവാദം ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അഫ്‌ഗാനിസ്ഥാന്‍, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍. ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ജമ്മു കശ്‌മീരില്‍ നിന്നും 57 ശതമാനം ഭീകരാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തതെന്ന് അമേരിക്ക പറയുന്നു.

താലിബാന്‍, ഐഎസ്, അല്‍ ഷബാബ് (ആഫ്രിക്ക). ബോകോ ഹറം (ആഫ്രിക്ക), ഫിലിപ്പീന്‍സിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി എന്നിവയ്‌ക്ക് ശേഷം ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകര സംഘടനയുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് സിപിഐ (മാവോയിസ്റ്റ്) എന്നും റിപ്പോർട്ടില്‍ പറയുന്നു. ഇന്ത്യയിലെ രഹസ്യാന്വേഷണത്തിന്‍റെ പോരായ്‌മകളും, നിര്‍ദേശങ്ങൾ ശരിയായ രീതിയില്‍ കൈമാറാത്തതുമാണ് ഇന്ത്യയില്‍ ഭീകരവാദ ആക്രമണങ്ങൾ കൂടാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018-ല്‍ ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 26 ശതമാനത്തിന്‍റെയും പ്രധാന കാരണം സിപിഐ ( മാവോയിസ്റ്റ് ) എന്ന സംഘടനയാണ്. ഒന്‍പത് ശതമാനം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹിസ്‌ബുൾ മുജാഹിദീനും, എട്ട് ശതമാനത്തോളം ആക്രമണത്തിന്‍റെ കാരണം ലഷ്‌കര്‍-ഇ-തൊയ്‌ബയാണെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ മറ്റ് സംഘടനകളായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രന്‍ഡ് അസം, നാഷണല്‍ സോഷ്യലിസ്റ്റ് കൗൺസില്‍ നാഗാലാന്‍ഡ്, ഐഎസ്‌ഐഎസ്‌ എന്നിവയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും ഭീകരവാദം ബാധിച്ചുവെന്നാണ് യുഎസ് റിപ്പോര്‍ട്ട്. ജമ്മു കശ്‌മീരിന് ശേഷം ചത്തീസ്‌ഗഡാണ് ഏറ്റവും കുടുതല്‍ ഭീകരാക്രമണം ബാധിച്ച സംസ്ഥാനം എന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.

Last Updated : Nov 6, 2019, 1:00 PM IST

ABOUT THE AUTHOR

...view details