കൊവിഡ് ആശങ്ക ഉയരുന്നു; 91 ലക്ഷം കടന്ന് കൊവിഡ് ബാധിതർ
ആഗോളതലത്തിൽ മരണസംഖ്യ 4,74,237. രോഗമുക്തി നേടിയവർ 49,21,063.
ഹൈദരാബാദ്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. രോഗബാധയിൽ 4,74,237 പേർക്ക് ജീവൻ നഷ്‌ടമായി. 91,85,229 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 49,21,063 പേർ രോഗമുക്തി നേടി. ചൈനയിൽ 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 13 കേസുകൾ ബെയ്‌ജിങിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്. ബെയ്‌ജിങിൽ 200 ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണ നടപടികൾ കർശനമാക്കിയതായി ചൈനീസ് സർക്കാർ അറിയിച്ചു. വിദേശത്ത് നിന്നുള്ള ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ റിയാദിൽ നിന്ന് വിമാനത്തിൽ ചൈനയിലെത്തിയതാണ്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ചൈനയിൽ 359 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 114 പേർ ഐസൊലേഷനിലാണ്. ഇവരിൽ കൂടുതൽ പേർക്കും രോഗലക്ഷണങ്ങളില്ല. ചൈനീസ് നഗരമായ വുഹാനിൽ ആദ്യമായി കൊവിഡ് കണ്ടെത്തിയതിന് ശേഷം ആകെ 83,418 കേസുകളും 4,634 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്.