അഗർത്തല: ത്രിപുരയില്‍ ബിഎസ്എഫ് ജവാൻമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമിടയില്‍ കൊവിഡ് കേസുകൾ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം 30 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പാരാ മിലിട്ടറി ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമിടയിൽ രോഗബാധിതരുടെ എണ്ണം 116 ആയതായി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.
ത്രിപുരയില്‍ ബിഎസ്എഫ് ജവാൻമാര്‍ക്കും കുടുംബങ്ങൾക്കും കൊവിഡ്; 30 പുതിയ കേസുകൾ
ഓരോ പൗരന്‍റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരമാവധി കൊവിഡ് പരിശോധനകൾ നടത്തുന്നുണ്ടെന്നും ജനങ്ങൾ സർക്കാരിനോട് സഹകരിക്കണമെന്നും ത്രിപുര മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു
ബിഎസ്‌എഫിന്‍റെ 86,138 ബറ്റാലിയനുകളിലുള്ള ആളുകൾക്കാണ് പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ ബറ്റാലിയൻ 138ലെ ഉദ്യോഗസ്ഥരുടെ നാല് കുടുംബാംഗങ്ങളും ഒരു ട്രക്ക് ഡ്രൈവറും ഉൾപ്പെടുന്നു. രണ്ട് ബറ്റാലിയനുകളുടെയും ആസ്ഥാനം ദലൈ ജില്ലയിലെ അംബസയാണ്. അസം-അഗർത്തല ദേശീയപാതക്ക് സമീപമുള്ള ഇവിടെ സാധാരണക്കാര്‍ക്ക് ആര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗബാധിതരിൽ ഭൂരിഭാഗം പേരും ഗോവിന്ദ് ബല്ലഭ് പന്ത് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഓരോ പൗരന്‍റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരമാവധി കൊവിഡ് പരിശോധനകൾ നടത്തുന്നുണ്ടെന്നും ജനങ്ങൾ സർക്കാരിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു. കൊവിഡ് 19ത്തിന്‍റെ വ്യാപന കാരണം പഠിക്കാൻ സംസ്ഥാന സർക്കാർ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കൺട്രോളിനോട് (എൻസിഡിസി) അഭ്യർഥിച്ചിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ അഡിഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് കുമാർ രാകേഷ് പറഞ്ഞു. ദലൈ ജില്ലയില്‍ നിന്ന് ശേഖരിച്ച 1,188 സാമ്പിളുകളിൽ 977 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായും 891 സാമ്പിളുകൾ നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയില്‍ 118 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച സ്ത്രീക്കും ത്രിപുര സ്റ്റേറ്റ് റൈഫിൾസ് ജവാനും കഴിഞ്ഞ മാസം രോഗമുക്തി നേടിയിരുന്നു.