ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കെയർ റെയിൽവെ കോച്ചുകളിൽ നിന്ന് 72 പേർ രോഗമുക്തി നേടി. 118 രോഗികൾ ചികിത്സയിൽ തുടരുന്നു. അഞ്ച് സംസ്ഥാനങ്ങളിലായി 960 ഐസൊലേഷൻ കോച്ചുകൾ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ രണ്ട് സംസ്ഥാനങ്ങൾ മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. ഡൽഹിയിൽ ഒമ്പത് സ്റ്റേഷനുകളിലായി 503 കോച്ചുകളും ഉത്തർപ്രദേശിൽ 24 പ്രദേശങ്ങളിലായി 372 കോച്ചുകളും പ്രവർത്തിക്കുന്നു. തെലങ്കാന, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങിയവയാണ് മറ്റ് സംസ്ഥാനങ്ങൾ. ഇതുവരെ ഡൽഹിയിൽ 40 പേരെയും ഉത്തർപ്രദേശിൽ 78 പേരെയും കൊവിഡ് കെയർ കോച്ചുകളിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ മോയിൽ 22 രോഗികളും ഡൽഹിയിലെ ശകുർബസ്‌തി റെയിൽവെ സ്റ്റേഷനിൽ 24 രോഗികളും ചികിത്സയിൽ തുടരുകയാണ്.
ഇന്ത്യയിലെ കൊവിഡ് കെയർ റെയിൽവെ കോച്ചുകളിൽ നിന്ന് രോഗമുക്തി നേടിയത് 72 പേർ - isolation coaches
ഡൽഹിയിൽ ഒമ്പത് സ്റ്റേഷനുകളിലായി 503 കോച്ചുകളും ഉത്തർപ്രദേശിൽ 24 പ്രദേശങ്ങളിലായി 372 കോച്ചുകളും പ്രവർത്തിക്കുന്നു
5,231 ഐസൊലേഷൻ കോച്ചുകൾ വിവിധ സംസ്ഥാനങ്ങൾക്ക് നൽകാൻ ഇന്ത്യൻ റെയിൽവെ തയ്യാറാണെന്ന് അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഗുരുതരാവസ്ഥയിൽ അല്ലാത്ത രോഗികളെയാണ് കൊവിഡ് കെയർ കോച്ചുകളിൽ പ്രവേശിപ്പിക്കുന്നത്. കൊവിഡ് വ്യാപനം അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്‍റെ ആരോഗ്യ സൗകര്യങ്ങൾ ഉയർത്തുന്നതിനാണ് ട്രെയിൻ കോച്ചുകൾ കൊവിഡ് കെയർ കോച്ചുകളാക്കിയത്. ഉത്തർപ്രദേശിലെ കൊവിഡ് കേസുകളുടെ എണ്ണം 24,056 ആയി ഉയർന്നു. മരണസംഖ്യ 718 ആണ്. ഡൽഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 87,360 ആയി. 2,742 പേർ മരിച്ചു.