ന്യൂഡൽഹി:കൊവിഡ് ബാധ പരിശോധിക്കുന്നത് കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കണമെന്നും അതുവഴി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ ഫലവത്തായി ഉപയോഗിക്കാൻ സാധിക്കുമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പരിശോധനാ നിരക്ക് വർധിപ്പിക്കുന്നത് മൂലം രോഗം കൂടുതൽ വഷളാവാതെ വൈറസിന്‍റെ ഉത്ഭവവും അത് പടർന്നുപിടിക്കുന്ന ചങ്ങലയും കണ്ടുപിടിക്കാനും പ്രതിരോധനടപടികൾ സ്വീകരിക്കാനും സാധിക്കും. ആരോഗ്യരംഗത്ത് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതും വലിയ തോതിൽ കൊവിഡ് പരിശോധന നടത്തുന്നതുമാണ് രാജ്യത്ത് അത്യാവശ്യമായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെന്ന് അവർ കൂട്ടിച്ചേർത്തു.
കൊവിഡ് പരിശോധന വ്യാപകമാക്കി ലോക്ക് ഡൗണിനെ പ്രയോജനപ്പെടുത്തണമെന്ന് പ്രിയങ്കാ ഗാന്ധി
ഉത്തർപ്രദേശിൽ നഴ്‌സുമാർക്കും മെഡിക്കൽ ജീവനക്കാർക്കും വൈറസിനെതിരെയുള്ള സംരക്ഷണ ഉപകരണങ്ങൾ നൽകാതെ അവരുടെ ശമ്പളം വെട്ടിക്കുറിക്കുന്നുണ്ടെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു
കൂടാതെ, രോഗത്തിനെതിരെ വൻ പോരാട്ടം നടത്തുന്ന നഴ്‌സുമാർക്കും മെഡിക്കൽ ജീവനക്കാർക്കും ആവശ്യമായ പ്രതിരോധ ഉപകരണങ്ങൾ നൽകാത്തതിനെ കുറിച്ചും പ്രിയങ്ക പരാമർശിച്ചു. സ്വന്തം ജീവൻ നൽകി പൊരുതുന്ന പോരാളികളാണ് ആരോഗ്യപ്രവർത്തകർ. ഉത്തർപ്രദേശിലെ ബന്ദയിൽ നഴ്‌സുമാർക്കും മെഡിക്കൽ ജീവനക്കാർക്കും വൈറസിനെതിരെയുള്ള സംരക്ഷണ ഉപകരണങ്ങൾ നൽകുന്നില്ല എന്ന് മാത്രമല്ല, അവരുടെ ശമ്പളവും വെട്ടിക്കുറച്ചിരിക്കുകയാണ്. ഇത് പൂർണമായും അനീതിയാണെന്നും ആരോഗ്യപ്രവർത്തകരുടെ ആവശ്യങ്ങൾ മാനിക്കേണ്ടതാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ഈ വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.