കൊവിഡ്-19 മഹാമാരിയുടെ വേഗത, ആരോഗ്യ സേവന ആവശ്യകതയുടെ അഭൂതപുര്‍വ്വമായി വര്‍ധിക്കുന്നത് ഓരോ രാജ്യത്തിന്‍റെയും കഴിവുകളെ ആഴത്തില്‍ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡ് പടര്‍ന്നു പിടിക്കുന്നത് പിടിച്ചു നിര്‍ത്തുവാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള ദേശ വ്യാപകമായ ചില നടപടികള്‍ എങ്കിലും മിക്കവാറും എല്ലാ രാജ്യങ്ങളും എടുത്തിട്ടുണ്ട്. അന്താരാഷ്ട്ര, ആഭ്യന്തര സഞ്ചാരങ്ങൾ നിര്‍ത്തലാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുക, പൊതു ജനക്കൂട്ടങ്ങള്‍ നിരോധിക്കുക, ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കുക, കൈ കഴുകലും മാസ്‌ക് ധരിക്കലും പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെ അവയില്‍ ഏതാനും ചിലത് മാത്രമാണ്.
ഇതിനു പുറമേ ഓരോ രാജ്യവും വ്യത്യസ്തമായ സമയങ്ങളില്‍ വ്യത്യസ്തമായ നടപടികളിലൂടെ കൊവിഡ്-19ന്‍റെ ഭീഷണിക്കെതിരെ പ്രതികരിക്കുകയോ പ്രതികരിച്ചു കൊണ്ടിരിക്കുകയോ ചെയ്തു വരുന്നു. അണുബാധയുടെ നിരക്ക് കൈകാര്യം ചെയ്യല്‍, സാംക്രമിക രോഗ വക്രതയിലെ വ്യത്യാസങ്ങള്‍, സാമൂഹിക സാമ്പത്തിക ചെലവുകളിലെ വ്യതിയാനങ്ങള്‍ എന്നിവയൊക്കെ ഇതിന്‍റെ ഫലമായി ഉണ്ടായ കാര്യങ്ങളാണ്. വ്യത്യസ്ത രാജ്യങ്ങള്‍ വ്യത്യസ്തമായ രീതിയിലാണ് രോഗ വിവരങ്ങള്‍ അറിയിക്കുന്നത്. വ്യത്യസ്തമായ ആരോഗ്യ പരിപാലന കഴിവും, പരിശോധനകളില്‍ വ്യത്യസ്തമായ സമീപനവും കേസുകള്‍ കണ്ടെത്തുന്നതില്‍ വ്യത്യസ്തമായ സമീപനങ്ങളും എല്ലാം ഉള്ളതിനാല്‍ ഈ രാജ്യങ്ങളെ തമ്മില്‍ പൊതുവായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിരോധം വളരെ അധികം ജാഗ്രതയോടെ ചെയ്യേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അവ തെറ്റായ ദിശയിലേക്കായിരിക്കും നമ്മെ നയിക്കുക.
രോഗം പടരുന്നത് തടയുന്നതിനും ഹ്രസ്വകാല, ദീര്‍ഘ കാല അടിസ്ഥാനത്തില്‍ ജീവനുകള്‍ സംരക്ഷിക്കുന്നതിനും ആവശ്യമായ വളരെ വ്യക്തവും ലക്ഷ്യ ബോധവുമുള്ള നടപടികള്‍ ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നുണ്ട്. ആറ് തന്ത്രപരമായ നടപടികളാണ് ഇങ്ങനെ അവ മുന്നോട്ട് വെക്കുന്നത്.
1) ആരോഗ്യ പരിപാലന, പൊതുജന ആരോഗ്യ തൊഴില്‍ പടയെ വികസിപ്പിച്ച് പരിശീലനം നല്‍കി വിന്യസിക്കുക.
2) സാമൂഹിക തലത്തില്‍ സംശയിക്കപ്പെടുന്ന ഓരോ കേസുകളും അന്വേഷിച്ചു കണ്ടെത്തുന്ന വ്യവസ്ഥ നടപ്പില്‍ വരുത്തുക.
3) പരിശോധനകള്‍ക്കുള്ള കഴിവും ലഭ്യതയും മെച്ചപ്പെടുത്തുക.
4) രോഗികളെ ചികിത്സിക്കുകയും ഒറ്റപ്പെടുത്തി മാറ്റി നിര്‍ത്തുകയും ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക.
5) വ്യക്തമായ വാര്‍ത്താ വിനിമയ ആസൂത്രണവും സമ്പര്‍ക്കങ്ങളെ ക്വാറന്‍റൈന്‍ ചെയ്യുന്ന പ്രക്രിയയും സൃഷ്ടിക്കുക.
6) മരണ നിരക്ക് കുറയ്ക്കുന്നതിനായി അവശ്യ ആരോഗ്യ സേവനം ഉറപ്പാക്കുക.
ദക്ഷിണ, ദക്ഷിണ-പൂര്‍വേഷ്യാ മേഖലയിലെ നിരവധി രാജ്യങ്ങള്‍ കൊവിഡ് 19 പിടിച്ച് നിര്‍ത്തലും, മറി കടക്കലും താരതമ്യേന നല്ല രീതിയില്‍ ചെയ്തു വരുന്നുണ്ട്. എന്നാല്‍ അവരില്‍ ഏതാനും ചിലര്‍ മാത്രമാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിശ്ചിതമായ പാഠങ്ങള്‍ നല്‍കുവാന്‍ തക്കവണ്ണം മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ നടപടികള്‍ നടപ്പില്‍ വരുത്തി കൊണ്ട് മുകളില്‍ പറഞ്ഞ മേഖലയില്‍ നിന്നുള്ള മൂന്ന് രാജ്യങ്ങള്‍ക്ക് കൊവിഡ്-19 കൈകാര്യം ചെയ്യുന്നതും അതിനു തയ്യാറെടുക്കുന്നതും സംബന്ധിച്ച് ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് വിലപ്പെട്ട പാഠങ്ങള്‍ നല്‍കുവാനുണ്ട്.
മഹാമാരി തടയുകയും, അതിനു വേണ്ടി തയ്യാറെടുക്കുകയും ചെയ്യുന്നതിന്‍റെ കാര്യത്തില്‍ അതീവ മികവുള്ള ഒരു നാഗരിക കാഴ്ചപ്പാട് നല്‍കുന്നു. ഒരു നഗര രാഷ്ട്രമായ സിംഗപ്പൂര്‍. ഫെബ്രുവരി തുടക്കത്തില്‍ തന്നെ കൊവിഡ് 19 കണ്ടെത്തിയ ഏതാനും ചില ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് സിംഗപ്പൂര്‍. എന്നാല്‍ മേയ്, ജൂണ്‍ ആയതോടു കൂടി അവര്‍ ഈ മേഖലയിലെ ഉറപ്പാക്കപ്പെട്ട കേസുകളുടെ എണ്ണത്തില്‍ ഏതാണ്ട് ഏറ്റവും മുകളില്‍ തന്നെ എത്തിച്ചേര്‍ന്നു. എന്നാല്‍ ഈ ലേഖനം എഴുതുന്ന വേളയില്‍ അവിടെ ഇതുവരെ പോസിറ്റീവാണെന്ന് ഉറപ്പാക്കപ്പെട്ട കേസുകള്‍ 55580-ഉം രോഗമുക്തി നേടിയവര്‍ 51049-ഉം മരണം 27-ഉം ആണ്. മഹാമാരിയെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഇനി പറയുന്ന കരുതികൂട്ടിയുള്ള ചുവടുകളാണ് അവര്‍ പാലിച്ചത്.
സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണമായ പ്രതികരണം: മുന്‍ കാലങ്ങളില്‍ സാര്‍സ് പൊട്ടി പുറപ്പെട്ടതുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് കൊവിഡിനു വേണ്ടി തയ്യാറെടുക്കുവാന്‍ സിംഗപ്പൂര്‍ ഉപയോഗിച്ചത്. ഒന്നിലധികം സര്‍ക്കാര്‍ ഏജന്‍സികള്‍ ഏകോപിതമായ ആസൂത്രണങ്ങളില്‍ പങ്കാളികളാവുകയും മഹാമാരിക്കെതിരെ തയ്യാറെടുക്കുന്നതിനായി കനത്ത തോതില്‍ പണം മുടക്കുകയും ആരോഗ്യ പ്രവര്‍ത്തകരുടെ ലക്ഷ്യങ്ങള്‍ മാറ്റി മറിയ്ക്കുകയും ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ആശുപത്രികളും മറ്റും പണിയുകയും ചെയ്തു. ആരോഗ്യ മന്ത്രാലയവും സിംഗപ്പൂര്‍ പൊലീസ് സേനയും ഒരുമിച്ച് ചേര്‍ന്ന് സമ്പര്‍ക്കങ്ങളെ കണ്ടെത്തുവാനുള്ള സംഘങ്ങളെ നിയോഗിച്ചത് വിവിധ ഏജന്‍സികളുടെ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു ഉദാഹരണമാണ്. ഈ രണ്ട് ഏജന്‍സികളോടൊപ്പം ചില അനുബന്ധ സംഘങ്ങളും ചേര്‍ന്ന് സാമൂഹിക അകലം പാലിക്കലും കൈ കഴുകലും മാസ്‌ക് ധരിക്കലും ഒക്കെ ഉറപ്പാക്കി. പ്രാഥമിക ആരോഗ്യ പരിപാലന സംവിധാനം സമാഹരിക്കല്‍: പൊതുജനാരോഗ്യ തയ്യാറെടുപ്പ് ക്ലിനിക്കുകളിലൂടെ സ്‌ക്രീനിങ്ങ് നടത്തി കൊണ്ടാണ് ഈ സംവിധാനം മെച്ചപ്പെടുത്തിയത്. എല്ലാ പൗരന്മാരെയും പരിശോധനയ്ക്ക് വിധേയമാക്കുക എന്നുള്ളത് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന കാര്യവും, ലാബുകള്‍ക്ക് അവ താങ്ങാനാവത്തതായി മാറുകയും ചെയ്യുമെന്നതിനാല്‍ എത്രയും പെട്ടെന്ന് കണ്ടെത്തി അതില്‍ നിന്നും ഏറെ അപകട സാധ്യതയുള്ള രോഗികളെ വേര്‍തിരിക്കുക എന്നുള്ളതായിരുന്നു ഒട്ടേറെ പേരെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിലെ പ്രയാസം ഒഴിവാക്കാനുള്ള ഒരു വഴി. ഏതാണ്ട് ആയിരത്തോളം വരുന്ന പൊതു ജനാരോഗ്യ തയ്യാറെടുപ്പ് ക്ലിനിക്കുകളിലൂടെ സിംഗപ്പൂര്‍ ഇത് പ്രാഥമികമായി നടപ്പില്‍ വരുത്തി. രാജ്യത്ത് ഉടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ ദായകര്‍ ഒരുപോലെ ഇതില്‍ പങ്കാളികളായി. അവര്‍ പ്രാഥമിക പരിപാലന ഫിസിഷ്യന്മാരെ നല്‍കുകയും വന്‍ തോതില്‍ രോഗം പൊട്ടി പുറപ്പെടുന്നത് നേരിടുന്നതിനായി അധിക പരിശീലനവും തയ്യാറെടുപ്പും നടത്തുകയും ചെയ്തു.
ഊര്‍ജ്ജസ്വലതയോടെയുള്ള, എന്നാല്‍ കൃത്യമായ ലക്ഷ്യം വെച്ചുള്ള ക്വാറന്‍റൈന്‍ നടപടികള്‍: ഇന്ത്യയെ പോലെ സിംഗപ്പൂരിലും ഒറ്റപ്പെടുത്തി മാറ്റി നിര്‍ത്തുവാന്‍ കഴിയാത്ത വിദേശ കുടിയേറ്റ തൊഴിലാളികളുടെ വലിയ ഒരളവ് കൊവിഡ്-19 പോസിറ്റീവ് കേസുകള്‍ നേരിട്ടിരുന്നു. ഉടനടിയുള്ള അതിവേഗ ലക്ഷ്യവേധ പരിശോധനകളിലൂടെ ഇത്തരത്തിലുള്ള ജനങ്ങളെ കണ്ടെത്തി അവരെ പ്രത്യേകം തയ്യാറാക്കിയ സൗകര്യങ്ങളില്‍ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയും അതോടൊപ്പം തന്നെ അവരുടെ അടുത്ത സമ്പര്‍ക്ക പട്ടികയില്‍ പെടുന്നവരെ ഇത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഇടങ്ങളില്‍ ക്വാറന്‍റൈന്‍ ചെയ്യുകയും ചെയ്തു കൊണ്ടാണ് സിംഗപ്പൂരിന് ഈ പ്രശ്‌നം മറി കടക്കാന്‍ കഴിഞ്ഞത്. ഇങ്ങനെ ചെയ്തതിലൂടെ വൈറസ് വ്യാപന ചങ്ങലയിലെ കണ്ണികള്‍ പൊട്ടി പോകുന്നത് പരിമിതപ്പെടുത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞു.
നിരന്തരമുള്ള പൊതു ജനാരോഗ്യ വാര്‍ത്താ വിനിമയം: ഈ സംവിധാനം യുക്തിസഹവും സുതാര്യവും തുടര്‍ച്ചയായുള്ളതും ആയിരുന്നു. അറിവുകള്‍ സംബന്ധിച്ചുള്ള അനിശ്ചിതാവസ്ഥകളും വിടവുകളും പ്രത്യേകം പരിഗണിക്കപ്പെട്ടു. പൊതു ജനങ്ങളും പൊതു സമൂഹത്തിലെ നേതാക്കന്മാരും തമ്മില്‍ ഇടപഴകുന്നത് വാര്‍ത്താ വിനിമയത്തിന്‍റെ ഭാഗമാക്കി മാറ്റി. വിശ്വസനീയമായ വിവരങ്ങള്‍ സര്‍ക്കാര്‍ ഇടക്കിടെ നല്‍കി കൊണ്ടിരുന്നു. ദേശീയ തലത്തിലുള്ള വാട്‌സാപ്പ് ഗ്രൂപ്പിലൂടെ വണ്‍വേ സന്ദേശങ്ങളുടെ രൂപത്തില്‍ പൗരന്മാര്‍ക്ക് ഈ വിവരങ്ങള്‍ നിരന്തരം നല്‍കി. ഏറ്റവും ഒടുവില്‍ പറയാനുള്ളത് ഏറ്റവും പ്രധാനപ്പെട്ട ഒരു ചുവടാണ്.
ആരോഗ്യ തൊഴില്‍ പടയെ പിന്തുണയ്ക്കലും സംഘടിപ്പിക്കലും ഊര്‍ജ്ജസ്വലരാക്കലും ആയിരുന്നു അത്. മഹാമാരി കാലഘട്ടത്തില്‍ ഉടനീളം ആരോഗ്യ പരിപാലന തൊഴില്‍ പടയെ, അനുബന്ധ തൊഴിലാളികളേയും, സന്നദ്ധ സേവകരേയും, ആരോഗ്യ ഇതര മേഖലകളില്‍ നിന്നുള്ള സേവകരേയും നല്‍കി കൊണ്ട് ശക്തിപ്പെടുത്തി. വൈവിധ്യമായ ആരോഗ്യ മുന്‍സിപ്പല്‍ സൗകര്യങ്ങളില്‍ നിന്നുള്ള മുന്നണി പ്രൊഫഷണലുകളെ നല്‍കി അവര്‍ക്ക് കരുത്തേകി. പൊതു മേഖലയിലേയും സ്വകാര്യ മേഖലയിലേയും മുന്നണി തൊഴിലാളികളെ കൊവിഡുമായും മറ്റ് ബന്ധമില്ലാത്തതുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാനായി ഒരുമിച്ച് ചേര്‍ത്തു.
വിയറ്റ്‌നാമിന്‍റെ കൊവിഡ്-19 നെതിരെയുള്ള അതിവേഗ പ്രതികരണം ലോകത്തെ തന്നെ ഏറ്റവും വിജയകരമായ ഒന്നായിരുന്നു. ഏപ്രില്‍ മധ്യം മുതല്‍ രാജ്യത്ത് പുതിയതായി ഉണ്ടായ അണുബാധകള്‍ എല്ലാം തന്നെ വിദേശത്തു നിന്നും രാജ്യത്തെത്തി ക്വാറന്‍റൈനില്‍ പോയ ആളുകള്‍ക്കിടയില്‍ നിന്ന് ഉണ്ടായതായിരുന്നു. എന്നാല്‍ തൊട്ടടുത്തുള്ള വാരങ്ങളില്‍ പ്രാദേശികമായ അണുബാധകളും വളര്‍ന്നു വരുന്നുണ്ടായിരുന്നു. വിയറ്റ്‌നാമിന്‍റെ തന്ത്രങ്ങളിലും സമൂഹത്തെ മൊത്തമായി കണക്കിലെടുത്തു കൊണ്ടുള്ള സമീപനം ഉണ്ടായിരുന്നു: തുടക്കത്തില്‍ തന്നെ ആരോഗ്യത്തെ സമ്പദ് വ്യവസ്ഥയേക്കാള്‍ പ്രാധാന്യമുള്ള ഉല്‍കണ്ഠയായി പ്രധാനമന്ത്രി പരിഗണിച്ചു. പകര്‍ച്ച വ്യാധി തടയുന്നതിനുള്ള ദേശീയ സ്റ്റിയറിങ്ങ് കമ്മിറ്റിയുടെ ഭാഗമായി ഒരു ദേശീയ പ്രതികരണ പദ്ധതി വിയറ്റ്‌നാം പ്രഖ്യാപിച്ചു. കൊറോണ വൈറസിനെതിരെയുള്ള യുദ്ധത്തെ ഒരു യഥാര്‍ത്ഥ യുദ്ധ രൂപകം പോലെ ഉപയോഗിച്ച് വൈറസിനെതിരെ പൗരന്മാരെ ഒന്നിപ്പിക്കുവാന്‍ പൊതു സന്ദേശ സംവിധാനങ്ങള്‍ ഉപയോഗിച്ചു. സര്‍ക്കാരിന്‍റെ വ്യത്യസ്തമായ തലങ്ങളില്‍ വ്യത്യസ്തമായ പങ്കുകള്‍ വഹിക്കുന്ന പ്രസക്തരായവരെ ഏകോപിപ്പിക്കുന്നതിനും നടപടികള്‍ എടുക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനും ഇത് നിര്‍ണ്ണായകമായിരുന്നു. സൈന്യം, പൊതു സുരക്ഷാ സേവനങ്ങള്‍, താഴെ തട്ടിലുള്ള സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ രോഗത്തെ പിടിച്ചു കെട്ടുവാനും മറി കടക്കുവാനുമുള്ള ഒരു തന്ത്രം അതിവേഗം വിന്യസിക്കപ്പെട്ടു. മൂന്ന് നടപടികളിലൂടെയാണ് ഇതുണ്ടായത് -
അതിദ്രുത കണ്ടൈയിൻമെന്‍റ്: വിമാന താവളങ്ങളിലെ സ്‌ക്രീനിങ്ങുകള്‍, സാമൂഹിക അകലം പാലിയ്ക്കല്‍, വിദേശ സന്ദര്‍ശകര്‍ക്കുള്ള യാത്രാ നിരോധനം, വിദേശത്ത് നിന്നും മടങ്ങി വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍, സ്‌കൂളുകള്‍ അടച്ചിടല്‍, പൊതു പരിപാടികള്‍ റദ്ദാക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെട്ട കടുത്ത കണ്ടൈയിൻമെന്‍റ് ക്രമേണ സ്വീകരിച്ചത്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നതിനു മുന്‍പ് തന്നെ പൊതു സ്ഥലങ്ങളില്‍ മാസ്‌കുകള്‍ ധരിക്കുന്നത് അച്ചടക്കത്തോടെ നടപ്പാക്കി. അതോടൊപ്പം പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പാര്‍പ്പിടങ്ങളിലുമൊക്കെ കൈകള്‍ സാനിറ്റൈസ് ചെയ്യുന്ന സൗകര്യങ്ങളും ഉറപ്പാക്കി. ദേശ വ്യാപകമായി അവശ്യമല്ലാത്ത സേവനങ്ങളൊക്കെ അടച്ചു പൂട്ടി. രാജ്യത്തിന്‍റെ മിക്കയിടങ്ങളിലും ആളുകളുടെ സഞ്ചാരം കടുത്ത രീതിയില്‍ നിയന്ത്രിച്ചു.
പ്രാഥമിക ആരോഗ്യ തലത്തില്‍ ഊര്‍ജ്ജസ്വലമായ നിയന്ത്രണ നടപടികള്‍: കൂടുതല്‍ പുരോഗമിക്കപ്പെട്ട സമ്പദ് വ്യവസ്ഥകളില്‍ ആളുകളെ കൂട്ടത്തോടെ പരിശോധനക്ക് വിധേയമാക്കുന്ന ചെലവേറിയ നടപടികളാണ് എടുത്തതെങ്കില്‍, വിയറ്റ്‌നാം ഉയര്‍ന്ന തോതില്‍ അപകട സാധ്യത ഉള്ളതും, സംശയിക്കപ്പെടുന്നതുമായ കേസുകളില്‍ ശ്രദ്ധയൂന്നുകയും മേയ് മാസത്തോടു കൂടി രാജ്യ വ്യാപകമായി പരിശോധന കഴിവുകള്‍ 2-ല്‍ നിന്നും 120 ആക്കി അതിവേഗം ഉയര്‍ത്തുകയും ചെയ്തു. സാര്‍സ് പൊട്ടി പുറപ്പെട്ട അനുഭവത്തില്‍ നിന്നും പാഠമുള്‍കൊണ്ട് ഹോട്ട്‌സ്‌പോട്ടുകളായി സംശയിക്കുന്ന ഇടങ്ങളില്‍ കൂട്ടത്തോടെയുള്ള ക്വാറന്‍റൈന്‍ വിയറ്റ്‌നാം നടപ്പിലാക്കി.
കാലാകാലങ്ങളില്‍ രൂപപ്പെട്ടു കൊണ്ടിരിക്കുന്ന സാംക്രമിക രോഗ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്. സ്ഥിതീകരിക്കപ്പെട്ട കേസുകളില്‍ ഏതാണ്ട് 1000 പേരെ വീതം പരിശോധനയ്ക്ക് വിധേയമാക്കി. ലോകത്തെ തന്നെ ഏറ്റവും വലിയ അനുപാതമായിരുന്നു ഇത്. രോഗം ബാധിച്ച ഒരാളെ കണ്ടെത്തി കഴിഞ്ഞാല്‍ ഉടന്‍ തന്നെ അയാളെ അല്ലെങ്കില്‍ അവരെ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സര്‍വകലാശാല ഡോര്‍മിറ്ററി അല്ലെങ്കില്‍ സൈനിക ബാരക്കുകള്‍ പോലുള്ള കേന്ദ്രങ്ങളില്‍ മാറ്റി താമസിപ്പിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ രോഗം ബാധിച്ചയാളുടെ ഏറ്റവും അടുത്ത സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടേയും നിരീക്ഷണത്തിനായി താമസിപ്പിച്ചു. അവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ പോലും. ഇതിനു സമാന്തരമായി സമ്പര്‍ക്കം കണ്ടെത്തല്‍, ഒറ്റപ്പെടുത്തി ക്വാറന്റൈന്‍ ചെയ്യുക എന്നിങ്ങനെയുള്ള നടപടികള്‍ മൂന്നാം തലത്തിലെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്ക് പോലും നടപ്പാക്കി. രോഗം ബാധിച്ചവര്‍ക്ക് തൊട്ടടുത്ത് താമസിച്ചിരുന്ന ആളുകളെ, അല്ലെങ്കില്‍ ചിലപ്പോള്‍ മൊത്തം തെരുവോ ഗ്രാമമോ തന്നെ അതിവേഗ പരിശോധനയ്ക്ക് വിധേയമാക്കി ഒറ്റപ്പെടുത്തി കൊണ്ട് സമൂഹ വ്യാപനം പരിമിതപ്പെടുത്തി. ഏതാണ്ട് 450000 ആളുകളെ ആശുപത്രികളിലോ സര്‍ക്കാര്‍ നടത്തി വരുന്ന കേന്ദ്രങ്ങളിലോ അല്ലെങ്കില്‍ സ്വന്തം വീടുകളില്‍ തന്നെയോ ക്വാറന്‍റൈനില്‍ ആക്കുകയുണ്ടായി.
വ്യക്തവും, നിരന്തരവുമായ ക്രിയാത്മക പൊതു ജന ആരോഗ്യ സന്ദേശങ്ങള്‍: വ്യത്യസ്ത തലത്തില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടു കിടക്കുന്നവരില്‍ നിന്നും സാമൂഹികമായ അടിസ്ഥാനത്തിലുള്ള പ്രതികരണം ഉണ്ടാക്കിയെടുക്കുന്നതിന് നിര്‍ണ്ണായകമായി മാറി ഈ രീതി എന്ന് തെളിയിക്കപ്പെട്ടു. തുടക്കത്തില്‍ തന്നെ വൈറസിനെ കുറിച്ചുള്ള വാര്‍ത്താ വിനിമയങ്ങളും തന്ത്രങ്ങളും സുതാര്യമായിരുന്നു. ലക്ഷണങ്ങള്‍, സം രക്ഷണ നടപടികള്‍, പരിശോധനാ കേന്ദ്രങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെയും പൊതു താഴെ തട്ടിലുള്ള സംഘടനകളിലൂടെയും ആശുപത്രികളിലൂടെയും ഓഫീസുകളിലൂടെയും പാര്‍പ്പിട കെട്ടിടങ്ങളിലൂടെയും ചന്തകളിലൂടെയും ഒക്കെ മൊബൈല്‍ ഫോണ്‍ വഴിയും ശബ്ദ സന്ദേശങ്ങള്‍ വഴിയും ആളുകളിലേക്ക് എത്തിച്ചു കൊണ്ടേയിരുന്നു. ഇങ്ങനെ മികച്ച രീതിയില്‍ ഏകോപിപ്പിക്കപ്പെട്ടു കൊണ്ടുള്ള മള്‍ട്ടി മീഡിയ സമീപനവും, നിരന്തരമായ വാര്‍ത്തകളും പൊതു ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും സമൂഹം സംരക്ഷണ കണ്ടൈയ്‌ന്മെന്റ് നടപടികള്‍ പാലിക്കുന്നുണ്ട് എന്നുറപ്പ് വരുത്തുന്നതിനും സഹായകരമായി. ഓരോ പൗരനും തങ്ങളുടെ പങ്ക് വഹിക്കുന്നതിന് പ്രചോദിപ്പിക്കപ്പെട്ടു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതായാലും അല്ലെങ്കില്‍ ആഴ്ചകളോളം ക്വാറന്‍റൈനില്‍ പോകുന്നതായാലും ശരി.
ഇനി നമുക്ക് തൊട്ടടുത്ത് തന്നെയുള്ള ശ്രീലങ്കയിലേക്ക് പോകാം. ഈ കൊച്ചു ദ്വീപ് രാഷ്ട്രം മഹാമാരിയെ താരതമ്യേന മികച്ച രീതിയില്‍ കൈകാര്യം ചെയ്തു. ശ്രീലങ്കയിലെ ആരോഗ്യ പരിപാലന സംവിധാനം ഈ മേഖലയിലെ തന്നെ ഏറ്റവും മികച്ചതാണ്. രാജ്യത്തുടനീളം ജനങ്ങള്‍ക്ക് സമീപിക്കാവുന്ന ആശുപത്രി ശൃംഖലകളും ഉന്നതമായ യോഗ്യതകളുള്ള മെഡിക്കല്‍ ജീവനക്കാരും അതോടൊപ്പം തന്നെ പ്രതിഞ്ജാബദ്ധരായ പൊതു ജനാരോഗ്യ ഇന്‍സ്‌പെക്ടര്‍മാരുള്ള പ്രാദേശിക സര്‍ക്കാരുകളും ഇതിന്‍റെ ഭാഗമാണ്. എന്നാല്‍ വന്‍ തോതില്‍ രോഗം പൊട്ടി പുറപ്പെടുമ്പോള്‍ ആവശ്യത്തിന് സ്ഥാപന വല്‍കൃതമായ സൗകര്യങ്ങള്‍ തികയാതെ വരുമ്പോള്‍ കടുത്ത രീതിയില്‍ വൈറസിനെ നിയന്ത്രിക്കുന്ന നടപടികള്‍ വേണ്ടി വരും. ഈ ഘട്ടത്തില്‍ സൈന്യം ദേശീയ പ്രതികരണമെന്ന നിലയില്‍ തന്നെ ഈ ഉത്തരവാദിത്തം ചുമലിലേറ്റി. അവര്‍ ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ നിരീക്ഷിക്കല്‍ മുതല്‍ സമ്പര്‍ക്കങ്ങളെ കണ്ടെത്തുന്നതു വരെയുള്ള കാര്യങ്ങള്‍ ചെയ്തു. അതേ സമയം പൊലീസ് കര്‍ഫ്യൂ നടപ്പാക്കുന്നത് ഉറപ്പാക്കി. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് പോലുള്ള നടപടികള്‍ വിട്ടു വീഴ്ചയില്ലാതെ എടുത്തു. രാജ്യത്തേക്ക് വരുന്ന വിമാനങ്ങള്‍ റദ്ദാക്കുക, ചന്തകള്‍ പതിവായി അണുമുക്തമാക്കുക, പൊതു ഗതാഗത കേന്ദ്രങ്ങള്‍ അണുമുക്തമാക്കുക എന്നിങ്ങനെയുള്ള കടുത്ത നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. ഇങ്ങനെയെല്ലാം ചെയ്തു കൊണ്ട് രോഗ വ്യാപനത്തിന്‍റെ നിരക്ക് പരിമിതപ്പെടുത്തിയതിന് സൈന്യവും പൊലീസും ഏറെ പ്രശംസയാണ് പിടിച്ചു പറ്റിയത്. രണ്ട് നിരന്തരമായ പാഠങ്ങള്‍ ശ്രീലങ്കയില്‍ നിന്നും പഠിക്കാനുണ്ട് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്. അതില്‍ ആദ്യത്തേത് രോഗം നിരീക്ഷിക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ്. നിരവധി പകര്‍ച്ച വ്യാധികളുടേയും പകരുന്നതല്ലാത്ത രോഗങ്ങളുടേയും മുന്‍ കാല അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ച ശ്രീലങ്ക അതിശക്തമായ ഒരു പൊതു ജനാരോഗ്യ നിരീക്ഷണ സംവിധാനത്തില്‍ മുതല്‍ മുടക്കി. അത് നിലവിലെ കൊറോണ വൈറസ് മഹാമാരിക്കിടയില്‍ ഏറെ സഹായകരവുമായി. 2020-ന്റെ തുടക്കത്തില്‍ തന്നെ ഓപ്പണ്‍ സോഴ്‌സ് ഡി എച്ച് ഐ എസ് -2 എന്ന പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി കൊണ്ട് ഈ രാജ്യം ഒരു നിരീക്ഷണ സംവിധാനം വികസിപ്പിച്ചിരുന്നു. ജനുവരിയില്‍ ആദ്യ കേസ് പ്രത്യക്ഷപ്പെട്ടപ്പോള്‍ മുതല്‍ തന്നെ മഹാമാരിയുടെ നീക്കം അത് സൂക്ഷ്മമായി നിരീക്ഷിച്ചു. അതുവഴി കൊവിഡ്-19 സംശയിക്കപ്പെടുന്ന കേസുകളെ കൃത്യമായി ട്രാക്ക് ചെയ്തു. ശ്വാസകോശ രോഗങ്ങളോടു കൂടിയ കേസുകള്‍ ഏതെങ്കിലും ഉണ്ടോ എന്ന് കണ്ടെത്തുവാന്‍ പൊതു ജനാരോഗ്യ നിരീക്ഷണ സംവിധാനത്തെ സജീവമാക്കിയതിലൂടെ സര്‍ക്കാരിനു കഴിഞ്ഞു. ഇങ്ങനെ ഒരു കേസ് കണ്ടെത്തി കഴിഞ്ഞാല്‍ ആവശ്യമായ രോഗ നിര്‍ണ്ണയം നടത്തുകയും അതിലൂടെ കൊവിഡ്-19 എന്ന് സംശയിക്കുന്ന കേസുകള്‍ ഇല്ലാ എന്ന് ഉറപ്പ് വരുത്തുവാനും അവര്‍ക്ക് കഴിഞ്ഞു. രണ്ടാമതായി ശ്രീലങ്ക അതിന്‍റെ പ്രാഥമിക ആരോഗ്യ ശൃംഖലയില്‍ നിരന്തരമായ ആശ്രയത്വം നില നിര്‍ത്തി. മഹാമാരികള്‍ പൊട്ടി പുറപ്പെടുമ്പോള്‍ പൊതു ആരോഗ്യ ക്ലിനിക്കുകള്‍ അടച്ചിടുകയും അതിനു പകരം സര്‍ക്കാര്‍ രോഗികളുടെ വീടുകളിലേക്ക് നേരിട്ടെത്തി പതിവായ ആരോഗ്യ പരിശോധനകളും ചികിത്സകളും നല്‍കി. കോവിഡ് ഇതര രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ഉപദേശങ്ങള്‍ തേടുന്നതിന് മാത്രമായി ഒരു ഹോട്ട് ലൈന്‍ സൃഷ്ടിച്ചു കൊണ്ട് കൊവിഡ് ഇതര പ്രശ്‌നങ്ങളും കൃത്യമായി കൈകാര്യം ചെയ്തു.
ഫുട്‌ബോള്‍ പോലുള്ള ടീം കായിക വിനോദങ്ങളുമായി രാജ്യത്തെ ആരോഗ്യ സംവിധാനത്തെ താരതമ്യം ചെയ്യുന്നത് രസകരമായ ഒരു കാര്യമായിരിക്കും. ഇവിടെ നിരവധി കളിക്കാര്‍ സംഘടിതമായി ഒരു ഗോള്‍ അടിക്കുന്നതിനും മത്സരം ജയിക്കുന്നതിനും തങ്ങളുടെ പങ്കാളിത്തം നല്‍കുന്നു. അതുപോലെ കൊവിഡ്-19 ന്‍റെ കാലഘട്ടത്തില്‍ ആരോഗ്യ പരിപാലന സംവിധാനങ്ങളും അതിനുള്ള ഇടങ്ങളും വ്യത്യസ്ത തരത്തിലുള്ള പങ്കാളികളെ ഒരുക്കേണ്ടതുണ്ട്. അവര്‍ ഒരുമിച്ച് ചേര്‍ന്ന് മുന്‍ കൂട്ടി കാര്യങ്ങള്‍ മനസ്സിലാക്കി രോഗത്തെ തടയുകയും നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്യണം. വ്യത്യസ്ത തലങ്ങളില്‍ ആരോഗ്യ പരിപാലനവും രോഗവുമായി ബന്ധപ്പെട്ട വെല്ലുവിളികളോട് അവര്‍ പ്രതികരിക്കണം. ഈ ടീം എത്രത്തോളം കൂടുതല്‍ ഏകോപിതവും ഇഴുകി ചേര്‍ന്നതുമാകുന്നുവോ അത്രത്തോളം മെച്ചപ്പെട്ട തന്ത്രങ്ങള്‍ പകര്‍ച്ച വ്യാധികള്‍ പൊട്ടി പുറപ്പെടുമ്പോള്‍ രൂപപ്പെടുത്തുവാന്‍ കഴിയുമെന്ന് മാത്രമല്ല, ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ ഫലങ്ങള്‍ ഉളവാക്കുവാനും സാധിക്കും. ഇങ്ങനെ നിശ്ചിത ലക്ഷ്യത്തോടെയുള്ള നടപടികള്‍ എടുക്കുന്നത് ആരോഗ്യ പരിപാലന സംവിധാനത്തിനു മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ സഹായിക്കും. അതുവഴി ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് അവര്‍ അടുത്ത ഘട്ട കണ്ടൈയിൻമെന്‍റിലേക്ക് നീങ്ങുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട് പ്രവര്‍ത്തിക്കുവാനും സാധിക്കും.