ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 166 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 പേരാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5734 ആയി. 24 മണിക്കൂറിനുള്ളിൽ 540 പേർക്കാണ് രോഗം ബാധിച്ചത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വലിയ തോതിൽ രോഗം പടരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിടുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
അതിനിടെ രാജ്യത്ത് ചെലവ് വെട്ടിക്കുറയ്ക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. ബജറ്റ് വിഹിതത്തിന്‍റെ 20 ശതമാനത്തിൽ താഴയേ അടുത്ത മൂന്ന് മാസം അനുവദിക്കൂ എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. ലോക് ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗം ബാധിച്ചത് മഹാരാഷ്ട്രയിലാണ്. കൂടാതെ ന്യൂഡല്‍ഹി, തമിഴ്നാട് എന്നിവിടങ്ങളിലാണ് രോഗം ബാധിച്ചവർ കൂടുതലുള്ളത്. ഡല്‍ഹിയിൽ 13 കേന്ദ്രങ്ങൾ പൂർണമായി അടക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു.
മഹാരാഷ്ട്രയിൽ ഇതുവരെ 1135 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 117 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ എട്ടു പേർ മരിച്ചു. ധാരാവിയിലെ മരണം ഉൾപ്പെടെ ഇതിൽ അഞ്ചും മുംബൈയിലാണ്. രാജ്യത്ത് ആദ്യമായി സാമൂഹിക വ്യാപനം സ്ഥിരീകരിച്ച മുംബെയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 700 കടന്നു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 23 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മുംബൈയ്ക്ക് പിന്നാലെ പൂനെയിലും മാസ്ക് ധരിക്കാത്തത് കുറ്റകരമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്ര 1,135, തമിഴ്‌നാട് 738, ന്യൂഡല്‍ഹി 669, തെലങ്കാന 427, രാജസ്ഥാന്‍ 381, ഉത്തർ പ്രദേശ് 361, ആന്ധ്ര പ്രദേശ് 348 കേരളം 345, മധ്യപ്രദേശ് 229, കർണാടക 181, ഗുജറാത്ത് 179, ജമ്മു കശ്മീര്‍ 158, ഹരിയാന 147, പശ്ചിമ ബംഗാൾ 103, പഞ്ചാബ് 101, ഒഡീഷയിൽ 42, ബീഹാര്‍ 38, ഉത്തരാഖണ്ഡ് 33, അസം 28, ചണ്ഡിഗഡ് 18, ഹിമാചൽ പ്രദേശ് 18, ലഡാക് 14, ആൻഡമാൻ നിക്കോബാർ ദ്വീപ് 11, ഛത്തീസ്ഗ് 10, ഗോവ 7, പുതുച്ചേരി 5 ജാർഖണ്ഡ് 4, മണിപ്പൂർ 4, ത്രിപുര 4, മിസോറം 4, അരുണാചൽ പ്രദേശ് 4 കേസുകളും റിപ്പോർട്ട് ചെയ്തു.