ചെരുപ്പുകൾ പ്രതിഷേധസൂചകമാക്കി ജനതാ കർഫ്യൂവിൽ ഷഹീൻബാഗ് പ്രതിഷേധക്കാർ
ഷഹീൻബാഗിലെ സമര കട്ടിലുകളിൽ തങ്ങളുടെ ചെരുപ്പെടുത്തുവച്ചശേഷമാണ് പെൺസമരക്കാർ രാജ്യത്തിനൊപ്പം ജനതാ കർഫ്യൂവിൽ പങ്കുചേർന്നത്.
ന്യൂഡൽഹി:പ്രധാനമന്ത്രി ആഹ്വാനം ചെയ്‌ത ജനതാ കർഫ്യൂവിൽ ഷഹീൻ ബാഗ് പ്രതിഷേധക്കാരും സഹകരിച്ചു. എന്നാൽ, പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെയുള്ള തങ്ങളുടെ നിലപാടിന്‍റെ അടയാളം ബാക്കിവച്ചാണ് പ്രതിഷേധക്കാർ സമരമുഖത്ത് നിന്നും വിട്ടുനിന്നത്. ഷഹീൻബാഗിലെ സമര കട്ടിലുകളിൽ തങ്ങളുടെ ചെരുപ്പ് മാറ്റിവച്ചുകൊണ്ട് പെൺസമരക്കാർ രാജ്യത്തിനൊപ്പം ജനതാ കർഫ്യൂവിൽ പങ്കുചേർന്നു. ഈ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറല്ലെന്നും അതേസമയം, കൊവിഡ് എന്ന മഹാമാരിയെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടെന്നും സമരക്കാര്‍ വ്യക്തമാക്കി. കൂടാതെ, പ്രതിഷേധത്തിൽ നിന്നും 60 വയസിന് മുകളിലുള്ളവരെയും കുട്ടികളെയും ഒഴിവാക്കിയതായും പ്രതിഷേധക്കാർ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധം ആരംഭിച്ചത്.