ഭോപ്പാലില്‍ 12 ദിവസം പ്രായമായ കുഞ്ഞിനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു - ഭോപാൽ
ഏപ്രിൽ ഏഴിന് സുൽത്താനിയ സനാന ആശുപത്രിയിലാണ് കുട്ടി ജനിച്ചത്
ഭോപ്പാല്‍: മധ്യപ്രദേശില്‍ 12 ദിവസം പ്രായമുള്ള പെൺക്കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ ഏഴിന് സുൽത്താനിയ സനാന സർക്കാർ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. ഞായറാഴ്ച അമ്മയ്ക്കും കുഞ്ഞിനും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ഭോപ്പാല്‍ ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ ഡോ. പ്രഭാകർ തിവാരി പറഞ്ഞു. കുട്ടി ജനിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ആരോഗ്യ പ്രവർത്തകയിൽ നിന്നാണ് കുട്ടിക്കും അമ്മക്കും വൈറസ് ബാധിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഏപ്രിൽ 11ന് വീട്ടിലെത്തി പിറ്റേ ദിവസം പ്രസവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു വനിതാ ആരോഗ്യ പ്രവർത്തകയ്ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതായി പത്രത്തിൽ വാർത്ത കണ്ടു. കുട്ടിക്കും ഭാര്യക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് ആശുപത്രി അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് ബാർഖെഡിയിലെ ആരോഗ്യ ക്യാമ്പിൽ പരിശോധിക്കുകയും സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഞായറാഴ്ച വന്ന റിപ്പോർട്ട് പ്രകാരം ഇരുവർക്കും വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു.