അമരാവതി: സർക്കാർ കെട്ടിടങ്ങളിൽ നിന്നും വൈ.എസ്.ആർ.സി.പി പതാക നിറങ്ങൾ നീക്കം ചെയ്യണമെന്ന് ആന്ധ്ര ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഗുണ്ടൂർ ജില്ലയിലെ എം.വെങ്കിടേശ്വര റാവു സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. വൈ.എസ്.ആർ.സി.പി പതാകയിലെ നിറങ്ങളായ നീല, വെള്ള, പച്ച നിറങ്ങളിൽ പഞ്ചായത്ത് ഭവനിലും മറ്റ് സർക്കാർ കെട്ടിടങ്ങളിലും നിറം ചെയ്യാനുള്ള പഞ്ചായത്ത് രാജ് കമ്മിഷണറുടെ ഉത്തരവാണ് ഹൈക്കോടതി മാറ്റിയത്. 10 ദിവസത്തിനുള്ളിൽ മറ്റേതെങ്കിലും നിറത്തിൽ പെയിന്‍റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കോടതി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.
സർക്കാർ കെട്ടിടങ്ങളിൽ വൈ.എസ്.ആർ.സി.പി പതാക നിറം നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ് - മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി
പത്തു ദിവസത്തിനകം ഉത്തരവ് നടപ്പാക്കണം
വൈ.എസ്.ആർ.സി.പി അധികാരത്തിൽ വന്നതിനുശേഷം നിരവധി സർക്കാർ ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, അങ്കണവാടികൾ, സ്കൂൾ കെട്ടിടങ്ങൾ, വാട്ടർ ടാങ്കുകൾ, മറ്റ് പൊതു കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഭരണകക്ഷിയുടെ പതാക നിറങ്ങൾ ഉപയോഗിച്ച് പെയിന്‍റ് ചെയ്തിരുന്നു. കൂടാതെ കെട്ടിടത്തിന്‍റെ മുകളിൽ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഫോട്ടോയും വച്ചു. കോടതി ഉത്തരവ് പ്രകാരം മറ്റ് നിറങ്ങൾ ഉപയോഗിച്ച് വീണ്ടും പെയിന്‍റ് ചെയ്യുന്നതിന് മൂന്ന് കോടി രൂപ ചെലവാകുമെന്നും ഇത് വൈ.എസ്.ആർ.സി.പി വഹിക്കുമോ എന്നും പ്രതിപക്ഷ നേതാവ് എൻ. ചന്ദ്രബാബു നായിഡു ചോദിച്ചു.