ന്യൂഡൽഹി: മാസ്‌കുകളും സാനിറ്റൈസറും ലിക്വിഡ് സോപ്പും ന്യായമായും തുല്യമായും വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കാൻ കേന്ദ്രത്തിനും ഡല്‍ഹി സർക്കാരിനും നോട്ടീസ് നൽകി. ജസ്റ്റിസ് ഫോർ റൈറ്റ്സ് ഫൗണ്ടേഷനും മറ്റുള്ളവരും സമർപ്പിച്ച ഹർജിയിൽ മറുപടി തേടിയാണ് നോട്ടീസ്.
മാസ്കും സാനിറ്റൈസറും ന്യായ വിലക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും സുപ്രീംകോടതി വിശദീകരണം തേടി
കൊവിഡ് ഇന്ത്യയിലും ലോകരാജ്യങ്ങളിലും വ്യാപിച്ചതിനുശേഷം പകർച്ചവ്യാധിയെ നേരിടാൻ സർക്കാർ നിരവധി വിജ്ഞാപനങ്ങളും ഉപദേശങ്ങളും പുറപ്പെടുവിച്ചുവെന്നും എന്നാല്‍ അവശ്യ വസ്തുക്കള്‍ക്ക് ഉള്ള ദൗര്‍ലഭ്യം തുടരുകയാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ വിവിധ സംഘടനകളും ആരോഗ്യ വകുപ്പുകളും മഹാ വ്യാധിയെ തടയാന്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്.മാസ്‌കുകള്‍ ഉപയോഗിക്കാനും കൈകള്‍ വൃത്തിയാക്കി സൂക്ഷിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ മാസ്‌കുകളുടെയും ഹാൻഡ് സാനിറ്റൈസറുകളുടെയും വിൽപ്പനയിൽ വലിയ വർധനയുണ്ടായതായും ഡിമാൻഡ് വർദ്ധിച്ചതായും റീട്ടെയില്‍ വിലയെക്കാള്‍ അമിതമായ വിലയാണ് ഈടാക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. അമിത വില വര്‍ധനവില്‍ നിയന്ത്രണം വേണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഇപ്പോഴും സ്ഥിതി തുടരുകയാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഉത്തരവുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനും സർക്കാരിനെ അറിയിക്കുന്നതിനും പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.