കേരളം

kerala

ETV Bharat / bharat

കേന്ദ്ര സര്‍ക്കാർ ഉദ്യോഗസ്ഥർക്കിടയിൽ കൊവിഡ് പടരുന്നു

ഓഹരി വിറ്റഴിക്കല്‍ വകുപ്പ് സെക്രട്ടറി തുഹിൻ കാന്ത് പാണ്ഡെ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്‌കുമാർ, കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ വക്താവായ കെ എസ് ദത്വാലിയ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര മന്ത്രിമാരടക്കം നിരവധി പേരാണ് ഇവരുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയാണ്. കൃഷ്‌ണാനന്ദ് ത്രിപാഠി തയ്യാറാക്കിയ ലേഖനം

central government employee  covid  corona virus  Thuhin kanth pande  Dr. Ajay kumar  ഉന്നതതല ഉദ്യോഗസ്ഥര്‍  കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ  സെക്രട്ടറിമാർ  കൊവിഡ്  കൊറോണ വൈറസ്
കേന്ദ്ര സര്‍ക്കാർ ഉദ്യോഗസ്ഥർക്കിടയിൽ കൊവിഡ് പടരുന്നു

By

Published : Jun 12, 2020, 4:04 PM IST

കേന്ദ്ര സര്‍ക്കാരിലെ ഉന്നതതല ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ് കേസുകള്‍ നിരന്തരം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം ഔദ്യോഗിക വൃത്തങ്ങളെ സമ്മർദത്തിലാക്കിയതാണ് പുതിയ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് വരാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്. ഒരു ഓഫീസില്‍ ഒരു മുറിയിൽ ഒരേ സമയത്ത് രണ്ടില്‍ കൂടുതല്‍ ഓഫീസര്‍മാരുടെ സാന്നിധ്യം പാടില്ലെന്നും ഒരു ഓഫീസില്‍ ഒരേ സമയം ഡെപ്യൂട്ടി സെക്രട്ടറി തലത്തിന് താഴെയുള്ള 30 ഓഫീസര്‍മാരും ജീവനക്കാരും അല്ലാതെ കൂടുതല്‍ പേര്‍ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഓഹരി വിറ്റഴിക്കല്‍ വകുപ്പ് സെക്രട്ടറി തുഹിൻ കാന്ത് പാണ്ഡെക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനു ശേഷമാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.

കേന്ദ്ര സര്‍ക്കാരിലെ സെക്രട്ടറി തലത്തില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് തുഹിൻ കാന്ത് പാണ്ഡെ. കഴിഞ്ഞ ആഴ്‌ച പ്രതിരോധ സെക്രട്ടറി ‍ഡോ. അജയ്‌കുമാറിനും കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ വക്താവായ കെ എസ് ദത്വാലിയക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ കൊവിഡ് രോഗം സ്ഥിരീകരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ദിനം പ്രതി അതിവേഗത്തിൽ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിന്നും ഉദ്യോഗസ്ഥരെ സംരക്ഷിക്കുവാനുള്ള ഏറ്റവും അനിവാര്യമായ മുന്‍ കരുതലുകള്‍ എടുക്കേണ്ടിയിരിക്കുന്നുവെന്ന് ഇടിവി ഭാരതിന് ലഭിച്ച ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവര പ്രകാരം ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റ് മന്ത്രാലയങ്ങളും ഇത്തരത്തിൽ ഉത്തരവ് ഇറക്കുമെന്നാണ് വിവരം. സ്വകാര്യ ടാക്‌സി അടക്കമുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഉദ്യോഗസ്ഥർ ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു. കൺടെയ്‌മെന്‍റ് സോണുകൾക്ക് സമീപം താമസിക്കുന്നവർ ജോലിക്ക് ഹാജരാകേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. തുഹിൻ കാന്ത് പാണ്ഡെക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കെട്ടിടം അടച്ചു പൂട്ടി അണുമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുവാൻ പോകുകയാണെന്നും ഓഫീസില്‍ നിന്നും മെമ്മോറാണ്ടം പുറത്തിറക്കി. രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തതായി സ്ഥിരീകരിച്ചത് ഈ മെമ്മോറാണ്ടത്തിലൂടെ ആയിരുന്നു.

ധനമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായ റിത മാല്‍, നിയമ- നീതി മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ഡോ. നാരായണ്‍ റാവു ഭട്ടു എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ട് ഉദ്യോഗസ്ഥർ. തുഹിൻ കാന്ത് പാണ്ഡെയുടെ ഒറ്റപ്പെട്ട കേസ് അല്ല എന്ന വസ്‌തുത തിരിച്ചറിഞ്ഞത് മൂലമാണ് സർക്കാർ തലത്തിൽ ഇത്തരത്തിലൊരു മുന്നറിയിപ്പിന് ആധാരം. പ്രതിരോധ സെക്രട്ടറി ഡോ. അജയ്‌ കുമാറിന് പുറമെ പി ഐ ബി തലവന്‍ കെ എസ് ദത്വാലിയക്കും മറ്റ് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ആരോഗ്യ മന്ത്രാലയവും കുടുംബക്ഷേമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തി വരുന്ന കൊവിഡ് സംബന്ധിച്ച പത്ര സമ്മേളനങ്ങളില്‍ ചോദ്യോത്തര വേളകള്‍ നിയന്ത്രിച്ചിരുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രചാരണ വിഭാഗത്തിന്‍റെ പ്രിന്‍സിപ്പല്‍ ഡയറക്‌ടര്‍ ജനറല്‍ ആയ ദത്വാലിയയാണ്. കെ എസ് ദത്വാലിയയുടെ ഡ്രൈവർക്കും മറ്റൊരു ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന എല്ലാ ഉദ്യോഗസ്ഥരും സ്വയം ക്വാറന്‍റൈൻനിൽ പ്രവേശിപ്പിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രചാരണ വിഭാഗത്തിന്‍റെ തലവന്‍ എന്ന നിലയില്‍ കെ എസ് ദത്വാലിയ നിരവധി കേന്ദ്ര മന്ത്രിമാരുമായും പ്രധാനപ്പെട്ട മന്ത്രാലയങ്ങളിലെ മറ്റ് പല ഉദ്യോഗസ്ഥരുമായും നിരന്തരമായി ബന്ധം പുലര്‍ത്തി വരുന്ന ആളാണ് എന്നത് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്‌ടിച്ചിട്ടുണ്ട്.

ജൂണ്‍ ഒന്നിനും ജൂൺ മൂന്നിനും കെ എസ് ദത്വാലിയ രണ്ട് മന്ത്രിസഭാ പത്ര സമ്മേളനങ്ങളിലും മോഡറേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍, ഗതാഗത, എം എസ് എം ഇ മന്ത്രി നിതിന്‍ ഗഡ്‌കരി, കാര്‍ഷിക ക്ഷേമ മന്ത്രി നരേന്ദ്രസിങ് തോമര്‍ എന്നിവരോടൊപ്പവും ദത്വാലിയ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച വാര്‍ത്താ വിനിമയ, ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദുമായി ചേര്‍ന്നും ദത്വാലിയ ഒരു വാര്‍ത്താ സമ്മേളനം മോഡറേറ്റ് ചെയ്യുകയുണ്ടായി. നിധി ആയോഗ് സി ഇ ഒ അമിതാഭ് കാന്തും വാര്‍ത്താ വിനിമയ ഐ ടി സെക്രട്ടറി സഞ്ജയ് ദോത്രേയും ഈ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

അവശ്യ സേവന നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടു വരുന്ന ഭേദഗതിയും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ രാജ്യത്തുടനീളം വിപണം ചെയ്യുവാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന രണ്ട് ഓര്‍ഡിനന്‍സുകളും അംഗീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബുധനാഴ്‌ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലും ഈ മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ദത്വാലിയക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സെൽഫ് ഐസൊലേഷനിൽ പോകുമെന്ന് കാര്യം ഇനിയും അറിയേണ്ടതുണ്ട്. പി ഐ ബി കെട്ടിടം അണുമുക്തമാക്കുന്നതിനായി അടച്ചു പൂട്ടുകയും ബുധനാഴ്‌ച നടക്കാറുള്ള പതിവ് മന്ത്രിസഭാ യോഗം ഇത്തവണ ചേരുകയും ഉണ്ടായില്ല.

ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറിയായ ലവ് അഗര്‍വാള്‍, ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറിയായ പുണ്യ സാലിയ ശ്രീവാസ്‌തവ, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ (ഐ സി എം ആര്‍) എപ്പിഡമിയോളജി ആന്‍റ് കമ്മ്യൂണിക്കബിള്‍ ഡിസീസ് തലവനായ രാമന്‍ ആര്‍ ഗംഗാഖേദ്കര്‍ എന്നിവര്‍ ക്വാറന്‍റൈനിൽ പ്രവേശിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. ന്യൂഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്‍ററില്‍ പതിവായി കെ എസ് ദത്വാലിയയുമായി ചേര്‍ന്ന് ഈ മൂന്ന് ഉദ്യോഗസ്ഥരാണ് കൊവിഡ് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാറുള്ളത്. കേന്ദ്ര സര്‍ക്കാരിന്‍റെ ദൈനം ദിന കൊവിഡ് വാര്‍ത്താ സമ്മേളനത്തിന്‍റെ മുഖങ്ങളായിരുന്നു ഇവർ. അതുപോലെ പ്രതിരോധ സെക്രട്ടറി ഡോക്‌ടര്‍ അജയ്‌കുമാറിന് കൊവിഡ് സ്ഥിരീകരിച്ച ശേഷം പ്രതിരോധ മന്ത്രാലയത്തിലെ എത്ര ഉദ്യോഗസ്ഥർ സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ചു എന്ന കാര്യവും ഇതുവരെ വ്യക്തമായിട്ടില്ല.

പ്രതിരോധ മന്ത്രാലയത്തിലെ ഏറ്റവും മുതിര്‍ന്ന സിവിലിയന്‍ ഓഫീസര്‍ എന്നുള്ള നിലയില്‍ ഡോക്‌ടര്‍ അജയ്‌കുമാര്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സി ഡി എസ് ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക വിഭാഗങ്ങളുടെയും തലവന്മാര്‍ എന്നിവരുമായി പതിവായി ബന്ധപ്പെട്ട് വരുന്ന വ്യക്തിയാണ്. പി ടി ഐ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഒരു മുന്‍ കരുതല്‍ എന്ന നിലയില്‍ തൊട്ടടുത്ത ദിവസം ഓഫീസില്‍ വന്നിട്ടില്ലെന്നാണ് അറിയുന്നത്. ഡോക്ടര്‍ അജയ്‌കുമാറുമായി അടുത്തിടപഴകിയിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും പ്രോട്ടോക്കോള്‍ പ്രകാരം സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ചിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. എങ്കിലും അക്കൂട്ടത്തില്‍ ഏതെങ്കിലും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നുള്ള കാര്യം ഇതുവരെ വെളിവാക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന നേതാക്കന്മാരും ഉദ്യോഗസ്ഥരും കൊവിഡ് ബാധിക്കാന്‍ ഒരുപോലെ സാധ്യതയുള്ളവരാണ്.

കേന്ദ്ര സര്‍ക്കാരിന് പുറമെ സംസ്ഥാനങ്ങളേയും ഈ കടുത്ത പകര്‍ച്ചവ്യാധി വൈറസ് ബാധിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബുധനാഴ്‌ച ഡി എം കെ എം എല്‍ എ ജെ അന്‍പഴകന്‍ കൊവിഡ് രോഗിയാകുന്ന ആദ്യ ജനപ്രതിനിധിയായി. രാജ്യത്ത് ഇതുവരെ 8000 പേർ കൊവിഡ് മൂലം മരിച്ചെന്നും ലോകത്ത് 419000 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്‌ച ഉത്തരാഖണ്ഡ് മന്ത്രി സദ്‌പാല്‍ മഹാരാജും അദ്ദേഹത്തിന്‍റെ ഭാര്യ അമൃതാ റാവത്ത്, കുടുംബാംഗങ്ങളായ മറ്റ് 21 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ രണ്ട് ആണ്‍ മക്കൾക്കും അവരുടെ ഭാര്യമാർക്കും ഒന്നര വയസുള്ള പേരക്കുട്ടിയും ജീവനക്കാരും ഉൾപ്പെടുന്നുണ്ട്. തുടർന്ന് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ചിരുന്നു. മെയ് 29 വെള്ളിയാഴ്‌ച മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്‍റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ സദ്‌പാല്‍ മഹാരാജും പങ്കെടുത്തിരുന്നു.

സദ്‌പാലിന്‍റെ ഭാര്യ അമൃതാ റാവത്തിന് മെയ് 30നായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും ജീവനക്കാരുമടക്കമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് മന്ത്രി അടക്കമുള്ള 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ ഒട്ടനവധി കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ നിന്നും ഒരുമിച്ച് അടുത്തിടപഴകി ജോലി ചെയ്യുന്നവരിലും ജീവിക്കുന്നവരിലും വളരെ വേഗത്തിൽ കൊവിഡ് ബാധിക്കുമെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ഗുജറാത്ത് സര്‍ക്കാരിനെയും കൊവിഡ് ഭീതി ഉലച്ചിരുന്നു. കോണ്‍ഗ്രസ് എം എല്‍ എയായ ഇമ്രാന്‍ ഖേഡാവാലക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹവുമായി മുമ്പ് കൂടിക്കാഴ്‌ച നടത്തിയ മുഖ്യമന്ത്രി വിജയ് രൂപാനി സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ചിരുന്നു.

ABOUT THE AUTHOR

...view details