ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ പുതിയ ബോധവൽകരണ പദ്ധതികളുമായി കേന്ദ്ര സർക്കാർ. ഇതിന്‍റെ ഭാഗമായി മൊബൈല്‍ നമ്പറുകളിലേക്ക് വിളിക്കുമ്പോള്‍ കോളർ ട്യൂണായി കൊവിഡ് 19നെ കുറിച്ചുള്ള ബോധവല്‍ക്കരണ സന്ദേശം കേള്‍പ്പിക്കാൻ ടെലികോം സേവന ദാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്‌എൻഎല്ലും റിലയൻസ് ജിയോയും പദ്ധതി ഇതിനോടകം പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു.
കൊവിഡ് 19; മൊബൈൽ കോളർ ട്യൂണായി ബോധവല്‍കരണ സന്ദേശം - കൊവിഡ് 19 കോളർ ട്യൂൺ
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ബോധവല്‍ക്കരണ സന്ദേശം നല്‍കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടത്
30 സെക്കൻഡ് നീണ്ടു നില്‍ക്കുന്ന ഓഡിയോ ക്ലിപ്പിലൂടെയാണ് ബോധവല്‍കരണ സന്ദേശം നല്‍കുന്നത്. ഒരു ചുമയോടുകൂടിയാണ് ഈ ശബ്ദസന്ദേശം ആരംഭിക്കുന്നത്. കൊവിഡ് 19 പടരുന്നത് തടയാന്‍ നിങ്ങള്‍ക്ക് കഴിയും. ചുമ അല്ലെങ്കില്‍ തുമ്മലുണ്ടാകുന്ന സമയത്ത് ഒരു തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. തുടര്‍ച്ചയായി സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. മുഖമോ കണ്ണോ മൂക്കോ സ്‌പര്‍ശിക്കരുത്. ചുമ, പനി, ശ്വാസംമുട്ടല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കുക. ആവശ്യമെങ്കില്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം ഉടന്‍തന്നെ സന്ദര്‍ശിക്കുക. എന്നതാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സന്ദേശം നല്‍കുന്നത്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇത്തരമൊരു ബോധവല്‍കരണ സന്ദേശം നല്‍കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മാർച്ച് അഞ്ചിന് ടെലികമ്മ്യൂണിക്കേഷൻ സെക്രട്ടറി അൻഷു പ്രകാശിന് ഇത് സംബന്ധിച്ച് കത്തയച്ചിരുന്നു. കൊവിഡ് 19നെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ ആശയവിനിമയ മാർഗങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.