വികസനത്തിന്‍റെ പേരിൽ വിവേചനരഹിതമായ പിന്തിരിപ്പൻ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മനുഷ്യന്‍ സ്വന്തം നിലനിൽപിന് എന്നും ഒരു ഭീഷണി ആയിരുന്നു. വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന മലിനീകരണം ആകാശത്തിലും ഭൂമിയിലും ജലത്തിലുമെല്ലാം വിഷം പകർത്തി മനുഷ്യജീവിതത്തെ തന്നെ നശിപ്പിക്കുകയാണ് ചെയ്‌തത്. 2008 ഡിസംബറിലെ ഒരു അന്താരാഷ്ട്ര പഠനത്തിൽ ലോകമെമ്പാടുമുള്ള മലിനീകരണം മൂലം കൊല്ലപ്പെട്ട 83 ദശലക്ഷം ആളുകളിൽ 23 ദശലക്ഷം പേർ ഇന്ത്യക്കാരാണെന്ന് കണ്ടെത്തി. വ്യവസായ മലിനീകരണത്തിന്‍റെ ഫലമായി മാത്രം പന്ത്രണ്ടര ദശലക്ഷം ആളുകൾ ഇന്ത്യയിൽ മരിച്ചുവെന്നും കണക്കുകള്‍ പറയുന്നു.
കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ നടപ്പിലാക്കിയതോടെ വ്യാവസായിക പ്രവർത്തനങ്ങൾ ഭൂരിഭാഗവും നിർത്തിവെക്കേണ്ടി വന്നു. അതിന്‍റെ ഫലമായി, പരിസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. വിഷപദാർത്ഥങ്ങൾ അടങ്ങിയ മാലിന്യങ്ങൾ നദികളിലേക്ക് വലിച്ചെറിയുന്നത് നദികളിലെ ജലത്തിനെയും ദോഷകരമായി ബാധിച്ചുവെന്ന് ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. മൂന്നര പതിറ്റാണ്ട് മുമ്പ് ഗംഗാ നദി ശുദ്ധീകരിക്കാനുള്ള മഹത്തായ ഉദ്ദേശ്യം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. രാജീവ് ഗാന്ധി ഭരണകാലത്ത് നാലായിരം കോടി രൂപ ചെലവഴിച്ചാണ് ഇതിനുള്ള ശ്രമം ആരംഭിച്ചതും. ഫലമൊന്നും ലഭിക്കാത്തതിനാൽ, 2014ൽ മോദി സർക്കാർ 28,790 കോടി രൂപ ചെലവഴിച്ച് 310 ചെറിയ പദ്ധതികളുടെ രൂപത്തില്‍ 'നമമി ഗംഗ' മെഗാ പദ്ധതിക്ക് തുടക്കമിടുകയും ചെയ്‌തിരുന്നു. ഈ വർഷം അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പക്ഷേ നിലവില്‍ പദ്ധതിയുടെ 37 ശതമാനം പ്രവൃത്തനങ്ങൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. മലിനജല ശുദ്ധീകരണ പദ്ധതികൾ വ്യാപകമായി ഏറ്റെടുക്കാനും ഗംഗയെ ശുദ്ധീകരിക്കാനും സർക്കാർ ലക്ഷ്യമിടുമ്പോൾ, വ്യവസായ മാലിന്യങ്ങളുടെ അഭാവം ഗംഗയ്ക്ക് സ്വയം പുനരുജ്ജീവനം നൽകുന്നുണ്ടെന്ന് നദിയുടെ ഇപ്പോഴത്തെ സ്ഥിതി തെളിയിക്കുന്നു! ഈ തിരിച്ചറിവ്, മറ്റുള്ള നദികളുടെ പുനരുദ്ധാരണ തന്ത്രങ്ങള്‍ക്കും മാതൃകയാവണം.