ചെന്നൈ: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഐഐടി മദ്രാസ് അടച്ചു. സ്ഥാപനത്തിലെ വിവിധ ലാബുകൾ, വകുപ്പുകൾ, ലൈബ്രറികൾ തുടങ്ങിയവ അടച്ചു. ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഗവേഷകർ, സ്റ്റാഫുകൾ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ വർക്ക് ഫ്രം ഹോം തുടരണമെന്ന് അധികൃതർ അറിയിച്ചു.
കൊവിഡ് രൂക്ഷമാകുന്നു; ഐഐടി മദ്രാസ് അടച്ചു - ചെന്നൈ
കാമ്പസിലെ വിവിധ വകുപ്പുകൾ, ലാബുകൾ, ലൈബ്രറികൾ എന്നിവ അടച്ചു. വിദ്യാർഥികളും അധ്യാപകരും ഗവേഷണം നടത്തുന്നവരും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്‌ച 71 പേർക്കാണ് ഐഐടിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 66 വിദ്യാർഥികളും കാന്‍റീനിലെ നാല് സ്റ്റാഫുകളും റെസിഡെൻസ് ക്വാട്ടേഴ്‌സിലെ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്‌ച 32 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. ക്യാമ്പസിലെ ഓരോ വിദ്യാർഥിയെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. 774 വിദ്യാർഥികളിൽ 408 വിദ്യാർഥികളുടെ സാമ്പിൾ ഇതുവരെ ശേഖരിച്ചു. കൃഷ്‌ണ ഹോസ്റ്റലിൽ 22 പേർക്കും ജമുനാ ഹോസ്റ്റലിൽ 20 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഡിസംബർ 13ന് സംസ്ഥാനത്ത് 1,195 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,98,888 ആയി. ഇന്നലെ മാത്രം 1,276 പേരാണ് കൊവിഡ് മുക്തരായത്. 24 മണിക്കൂറിൽ സംസ്ഥാനത്ത് 12 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. 10,115 സജീവ കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.