കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ ബിഎസ് യെദ്യൂരപ്പ ബിജെപി കേന്ദ്ര നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും ഉള്‍പ്പെടെ 1800 കോടി കൈമാറിയെന്ന് രേഖപ്പെടുത്തിയ ഡയറി കോണ്‍ഗ്രസ് പുറത്ത് വിട്ടു. നേരത്തേ കോണ്‍ഗ്രസ് പുറത്തുവിട്ട പകര്‍പ്പുകള്‍ വ്യാജമാണെന്നു പറഞ്ഞ ബിജെപി യഥാര്‍ത്ഥ ഡയറി പുറത്തുവിടാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡയറിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. യഥാര്‍ത്ഥ ഡയറി തന്‍റെ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. ഡയറി തെളിവായി സ്വീകരിച്ച് ലോക്പാൽ സ്വമേധയാ യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കോഴ ഇടപാട്: യെദ്യൂരപ്പയുടെ ഡയറി കോൺഗ്രസ് പുറത്തുവിട്ടു - ബിജെപി
യെദ്യൂരപ്പക്കെതിരെ ലോക്പാൽ സ്വമേധയാ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു
ബിജെപി നേതാക്കളായ രാജ്‌നാഥ്‌സിങ്ങിന് 100 കോടി, നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ക്ക് 150 കോടി, എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് 50 കോടി, ജഡ്ജിമാര്‍ക്ക് 250 കോടിയും വിവിധ കേസുകളില്‍ ഹാജരായ അഭിഭാഷകര്‍ക്ക് 10 കോടി എന്നിവ നല്‍കിയതായി ഡയറിയില്‍ വെളിപ്പെടുത്തലുണ്ട്. 2008 - 2011 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരിക്കെ കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയില്‍ കന്നട ഭാഷയില്‍ സ്വന്തം കൈപ്പടയിലാണ് കോഴവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2017 മുതല്‍ ആദായനികുതി വകുപ്പിന്‍റെ കൈവശമുണ്ടായിരുന്ന ഡയറി കാരവാന്‍ മാഗസീന്‍ പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.