മുംബൈ: ഏപ്രിൽ അഞ്ചിന് എല്ലാവരും വിളക്കുകൾ കൊളുത്തി രാജ്യത്തിന്‍റെ ശക്തി കാണിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ കൊവിഡ് രോഗബാധയുടെ കണക്കുകളെക്കുറിച്ചോ, ചികിത്സാ സൗകര്യങ്ങളെക്കുറിച്ചോ, കുടിയേറ്റ തൊഴിലാളികളെക്കുറിച്ചോ ഒന്നും തന്നെ പരാമർശിച്ചിട്ടില്ല. അതിനുപകരം ജനങ്ങളോട് വിളക്ക് തെളിയിക്കാൻ ആഹ്വാനം ചെയ്‌തിരിക്കുകയാണ്. കൊവിഡ് ഇന്ത്യയെ ബാധിച്ചശേഷം ഒരു വാർത്താസമ്മേളനം പോലും അദ്ദേഹം നടത്തിയിട്ടില്ലെന്നും ചവാൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോൺഗ്രസ്
മോദിയുടെ പ്രസംഗത്തിൽ രോഗബാധയുടെ കണക്കുകളെക്കുറിച്ചോ, ചികിത്സാ സൗകര്യങ്ങളെക്കുറിച്ചോ, കുടിയേറ്റ തൊഴിലാളികളെക്കുറിച്ചോ ഒന്നും തന്നെ പരാമർശിച്ചിട്ടില്ല. അതിനുപകരം ജനങ്ങളോട് വിളക്ക് തെളിയിക്കാൻ ആഹ്വാനം ചെയ്‌തിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ.
വൈറസ് പടരുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾട് ട്രംപ് 28 തവണയാണ് വാർത്താസമ്മേളനം നടത്തിയത്. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് യുകെ പ്രസിഡന്‍റ് ബോറിസ് ജോൺസൺ 18 തവണ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഈ നേതാക്കൾക്ക് ജനങ്ങളുടെ പ്രശ്‌നം തിരിച്ചറിയാൻ സാധിച്ചു. അതേസമയം ഇന്ത്യയിൽ നരേന്ദ്രമോദി പ്രഭാഷണങ്ങളിലൂടെ കയ്യടിക്കാനും, പാത്രം തട്ടാനും, മെഴുകുതിരികൾ കത്തിക്കാനുമാണ് ജനങ്ങളോട് അഭ്യർഥിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് വീടുകളിലെ ലൈറ്റുകൾ ഓഫ് ചെയ്യാനും വിളക്കുകൾ, മെഴുകുതിരികൾ, മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ എന്നിവ കത്തിക്കാനുമാണ് മോദി ജനങ്ങളോട് അഭ്യർഥിച്ചത്.