ബംഗലൂരു: കർണാടക നിയമസഭയില്‍ നാളുകളായി തുടരുന്ന രാഷ്ടീയ പ്രതിസന്ധിക്കിടെ ഇന്ന് കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് തേടും. ജെഡിഎസ്- കോൺഗ്രസ് സഖ്യസർക്കാരിനെ പിന്തുണച്ചിരുന്ന 10 എംഎല്‍എമാർ രാജിവെച്ചതോടെയാണ് കർണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിയത്.
ഇന്ന് കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് തേടുമ്പോൾ രാജിവെച്ച വിമതര്‍ പിന്തുണ നല്‍കിയില്ലെങ്കില്‍ സ്പീക്കര്‍ നാമ നിര്‍ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഡിയും ഉള്‍പ്പടെ 103 പേരാകും 225 അംഗ സഭയില്‍ കേണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ പിന്തുണക്കുക. കുറഞ്ഞത് 12 എംഎല്‍എ മാരെങ്കിലും വിട്ടുനിന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. വിമത എംഎല്‍എമാരെ തിരിച്ച്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല.
അതേസമയം കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് -ജനതാദള്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും കാര്യങ്ങള്‍ക്ക് ഒരു തീരുമാനമാകുന്നതുവരെ തിരിച്ച് കര്‍ണാടകയിലേക്ക് ഇല്ലെന്നും എംഎല്‍എമാര്‍ കൈമാറിയ വീഡിയോയില്‍ പറയുന്നു.