ന്യൂഡല്‍ഹി: മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപക പരാതിയാണ് പ്രതിപക്ഷ പാർട്ടികളില്‍ നിന്ന് ഉയരുന്നത്.
യന്ത്രങ്ങളില്‍ ഉണ്ടായിരുന്ന ക്രമക്കേടുകൾ പരിഹരിച്ചാണ് പലയിടങ്ങളിലും വോട്ടിങ് പുനരാരംഭിച്ചത്. ഇതിനാൽ നിശ്ചിത സമയം കഴിഞ്ഞും പോളിങ് നീണ്ടുപോയി. എല്ലാ ബൂത്തുകളിലും വിവി പാറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചതും കൂടുതൽ കാലതാമസമുണ്ടാക്കി. കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ ലോക്സഭാ മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ താമര തെളിയുന്നതായി ആരോപണം ഉയർന്നിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും സാങ്കേതിക തകരാർ മാത്രമായിരുന്നു എന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് പരാതി നല്‍കിയവരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദ്ദേശ പ്രകാരം പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചു.