ലോകം മുഴുവന്‍ മഹാമാരിയായി കൊവിഡ് 19 പടര്‍ന്ന് പിടിച്ചിരിക്കുന്ന ഈ കാലത്ത് പൊതുജനാരോഗ്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൈവന്നിരിക്കുന്നു. 2019 ഡിസംബര്‍ 1 ന് ചൈനയില്‍ നിന്നും ഉല്‍ഭവിച്ച് ലോകം മുഴുവന്‍ അല്ലെങ്കില്‍ 8 ലക്ഷത്തോളം പേര്‍ക്ക് ബാധിച്ച തരത്തില്‍ വൈറസ് പടര്‍ന്നു പിടിച്ചിരിക്കുന്നു. 4 മാസത്തിനുള്ളില്‍ രോഗബാധിതരില്‍ ഏതാണ്ട് ഒരു ശതമാനത്തിന്‍റെ ജീവന്‍ കൊവിഡ് അപഹരിക്കുകയും ചെയ്‌തു. മനുഷ്യ ചരിത്രത്തില്‍ ഇതുവരെ മറ്റൊരു രോഗവും ഇത്രവേഗം വ്യാപിക്കുകയും ഇത്രത്തോളം ജനങ്ങളെ ബാധിക്കുകയും ചെയ്‌തിട്ടില്ല.
രോഗത്തിനെതിരെ വൈദ്യശാസ്ത്രം പോരാടുന്നുവെങ്കിലും ജനസംഖ്യയുടെ 10 ശതമാനത്തെ ഇത് ബാധിച്ചിരിക്കുന്നു. വൈദ്യപരിചരണത്തിനപ്പുറത്തേക്ക് രോഗം മനുഷ്യരുടെ ദൈനംദിന ജീവിതത്തെ ബാധിച്ചിരിക്കുന്നു. ലോകത്താകമാനം ആളുകള്‍ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുന്നു. പുറത്തിറങ്ങാന്‍ അനുവാദമില്ലാതെ. ലോക നഗരങ്ങള്‍ നിശ്ചലമായിരിക്കുന്നു. എന്തുകൊണ്ടാണ് ലോക ജനസംഖ്യയുടെ 90 ശതമാനം വരുന്ന ആരോഗ്യമുള്ളവര്‍ എന്ന് കണക്കാക്കുന്നവരോട് പോലും വീട്ടില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്? സ്വയം ഏകാന്തവാസത്തിലേക്ക് മാറുന്ന നാം എന്തു സംഭാവനയാണ് ഇതിലൂടെ നല്‍കുന്നത്? ഇവിടെയാണ് രോഗികള്‍ക്കപ്പുറം എല്ലാ മനുഷ്യരും പങ്കാളികളാവുന്ന പൊതുജനാരോഗ്യം എന്ന ഘടകം കടന്നു വരുന്നത്.
ഒരു വ്യക്തിക്ക് എന്തെങ്കിലും അസ്വസ്ഥതയുണ്ടായാല്‍ അയാള്‍ അല്ലെങ്കില്‍ അവള്‍ ആരോഗ്യ പരിപാലന സംവിധാനത്തെ ബന്ധപ്പെടുകയും രോഗനിര്‍ണയം നടത്തി മരുന്നുകള്‍ കഴിക്കുകയും നിര്‍ദേശിക്കപ്പെട്ട പരിചരണങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് രോഗമുക്തിയിലേക്ക് നയിക്കുന്നു. രോഗിയുടെ രോഗം ഭേദമാക്കുന്ന വൈദ്യപരിചരണ യാത്രയില്‍ ഡോക്‌ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരുമെല്ലാം ഉള്‍പ്പെടുന്നു. അതേസമയം പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നത് നിരവധി ആളുകള്‍ക്ക് വേണ്ടി നിരവധി ആളുകള്‍ നടത്തുന്ന ശ്രമങ്ങളാണ്. രോഗികളെ ചികിത്സിക്കുന്നതില്‍ നിന്നും വ്യത്യസ്‌തമാണ് ഇത്. രോഗങ്ങളില്‍ നിന്നും പരുക്കുകളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുകയും, അവര്‍ ശാരീരികമായും സാമ്പത്തികമായും സാമൂഹികമായും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഈ പ്രക്രിയകളില്‍ ആരോഗ്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് അത്യന്താപേക്ഷിതമാണ്.
കൊവിഡ് 19 സംബന്ധിച്ച് പൊതുജനാരോഗ്യ പരിപാടിയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ ഇനി പറയുന്നവയാണ്.
- ആളുകളുടെ പെരുമാറ്റ രീതികളില്‍ മാറ്റം സൃഷ്‌ടിക്കുന്ന വിധം അവരുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.
- പൂര്‍ണമായും അടച്ചിടല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സാധ്യമായ പരമാവധി ആളുകളിലേക്ക് എത്തിച്ചു കൊണ്ട് രോഗവ്യാപന സാധ്യത പരിമിതപ്പെടുത്തുക. അതോടൊപ്പം സാധ്യമായ എല്ലാ ഇടങ്ങളും അണുവിമുക്തമാക്കുക.
- സംശയിക്കപ്പെടുന്ന വ്യക്തികളെ കണ്ടെത്തി തിരിച്ചറിഞ്ഞ് ഏകാന്തവാസത്തിലാക്കുക.
- രോഗം ബാധിച്ചവരായ വ്യക്തികളെ ഏകാന്തവാസത്തില്‍ ആക്കി ചികിത്സിക്കുക.
ഈ ശ്രമങ്ങള്‍ എല്ലാം തന്നെ ക്ലിനിക്കുകളിലൊ ആശുപത്രികളിലോ നടക്കുന്ന ചികിത്സകള്‍ക്ക് അപ്പുറത്തുള്ള കാര്യങ്ങളാണ്. സംഘടിതമായ ശ്രമത്തിലൂടെ സമൂഹത്തിനു വേണ്ടി വൈദ്യശാസ്ത്ര മേഖലയില്‍ അല്ലാത്തവര്‍ നടത്തുന്ന ശ്രമങ്ങളാണിവ.
കൊവിഡ് 19 ന് ഇനി പറയുന്ന കാര്യങ്ങളുമായി ശ്രദ്ധേയമായ ചില ബന്ധങ്ങളുണ്ട്.
- കുടിയേറ്റവും നഗരവല്‍ക്കരണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന ജനസംഖ്യയും വികസനവും.
- വരുമാന നഷ്‌ടവുമായി ബന്ധപ്പെട്ട സൂക്ഷ്‌മ സമ്പദ് വ്യവസ്ഥ, രോഗനിര്‍ണയവും ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രത്യാഘാതങ്ങള്‍, മഹാമാരി തടയുന്നതിനും നിയന്ത്രിക്കുന്നതിനും അതോടൊപ്പം മാന്ദ്യം മൂലം ഉണ്ടാവുന്ന ദോഷഫലങ്ങള്‍ മറി കടക്കുന്നതിനും വേണ്ടി നമ്മുടെ വിഭവങ്ങള്‍ പുനര്‍ വിന്യസിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട ബൃഹദ് സമ്പദ് വ്യവസ്ഥ.
- സാമൂഹിക ഇടപഴകല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട സാമൂഹിക പെരുമാറ്റ രീതി ശാസ്ത്രം.
- വൈദ്യശാസ്ത്ര, വൈദ്യശാസ്ത്രേതര മേഖലകളില്‍ അവശ്യവസ്‌തുക്കളുടെ സംഭരണവും വിതരണവും കൈകാര്യം ചെയ്യല്‍.
- രോഗത്തിന്‍റെ വ്യാപനം മെച്ചപ്പെട്ട രീതിയില്‍ പ്രവചിക്കാന്‍ സഹായിക്കുന്ന സ്ഥിതിവിവര കണക്കുകളും ആസൂത്രണ പ്രതികരണങ്ങളും.
- ഭരണ നിര്‍വഹണവും ക്രമസമാധാന പാലനവും.
- രോഗം സൃഷ്‌ടിച്ചിരിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ മറികടക്കുന്നതിനായി നിലവിലുള്ളതും ഉണ്ടായി കൊണ്ടിരിക്കുന്നതുമായ വിഭവങ്ങള്‍ തതുല്യമായി വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള ധനസഹായം.
ഇരുപതാം നൂറ്റാണ്ടിന് ആന്‍റിബയോട്ടിക്കുകളും പ്രതിരോധ മരുന്നുകളും എന്ത് ഫലമാണ് നല്‍കിയത് അതേ ഫലം തന്നെയായിരിക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിന് പൊതുജനാരോഗ്യ ശ്രമങ്ങള്‍ നല്‍കാന്‍ പോകുന്നത്. പൊതുജനാരോഗ്യ ഭദ്രത ഉറപ്പുവരുത്താന്‍ ഭാവിയില്‍ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കുള്ള ഒരു അടിത്തറയാണ് കൊവിഡ് മഹാമാരി നമുക്ക് കാട്ടിത്തന്നിരിക്കുന്നത്.