ലക്‌നൗ: കൊടുംകുറ്റവാളി വികാസ് ദുബെയുടെ അടുത്ത അനുയായി അമർ ദുബെ ഉത്തർപ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഹാമിർപൂരില്‍ ബുധനാഴ്‌ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചത്. കാൺപൂരില്‍ ഡിവൈഎസ്‌പി ദേവേന്ദ്ര മിശ്ര അടക്കം എട്ടു പൊലീസുകാരെ വെടിവച്ച് കൊന്ന കേസില്‍ വികാസ് ദുബെയുടെ കൂട്ടുപ്രതിയാണ് അമര്‍ ദുബെ.
വികാസ് ദുബെയുടെ സഹായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
അടുത്ത അനുയായി അമർ ദുബെയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്
ഹാമിര്‍പൂര്‍ ലോക്കല്‍ പൊലീസുമായി ചേര്‍ന്ന് യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് നടത്തിയ ഏറ്റുമുട്ടലിലാണ് അമര്‍ ദുബെയെ വധിച്ചത്. അമർ ദുബെ മഥുര ഭാഗത്തുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് എത്തിയത്. പിന്നീട് ഹാമിർപൂരില്‍ ഇയാൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെ അമർ ദുബെ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നു. തിരിച്ചുള്ള വെടിവെപ്പില്‍ അമർ ദുബെ കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇയാളുടെ തലയ്ക്ക് 25,000 രൂപ വിലയിട്ടിരുന്നു. അതേസമയം, കാണ്‍പൂര്‍ സംഭവത്തിലെ മുഖ്യപ്രതിയായ വികാസ് ദുബെ ഒളിവില്‍ തുടരുകയാണ്. ഇയാൾക്ക് വേണ്ടി എസ്ടിഎഫും പൊലീസും തിരച്ചില്‍ നടത്തുകയാണ്.