ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഒരു സിഐഎസ്‌എഫ് ജവാൻ കൂടി മരിച്ചു. ഇതുവരെ ആറ് സിഐഎസ്‌എഫ് ജവാന്മാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കോൺസ്റ്റബിൾ ജിതേന്ദർ കുമാറാണ് (41) മരിച്ചത്. പനിയും ശ്വാസതടസവും മൂലം ഈ മാസം പത്തിനാണ് ജിതേന്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ ജിതേന്ദർ കുമാർ ജയ്‌പൂരിലെ സേനയുടെ എട്ടാമത്തെ റിസർവ് ബറ്റാലിയനിലാണ് ഡ്യൂട്ടി ചെയ്‌തിരുന്നത്. ജിതേന്ദർ കുമാറിന്‍റെ മരണത്തിൽ സിഐഎസ്‌എഫ് മേധാവിയും മറ്റ് ഉദ്യോഗസ്ഥരും അനുശോചനം അറിയിച്ചു.
കൊവിഡ് ബാധിച്ച് ഒരു സിഐഎസ്‌എഫ് ജവാൻ കൂടി മരിച്ചു
കോൺസ്റ്റബിൾ ജിതേന്ദർ കുമാറാണ് മരിച്ചത്. പനിയും ശ്വാസതടസവും മൂലം ഈ മാസം പത്തിനാണ് ജിതേന്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
സിആർപിഎഫ്, ബിഎസ്‌എഫ്, ഐടിബിപി, സിഐഎസ്‌എഫ്, എസ്‌എസ്‌ബി എന്നീ അഞ്ച് കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ച ഉദ്യോഗസ്ഥരുടെ എണ്ണം 18 ആയി. സിഐഎസ്‌എഫ് ഉദ്യോഗസ്ഥരിൽ 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 347 ആയി ഉയർന്നു. 347 പേർ രോഗമുക്തി നേടി. മദ്രാസ് ഹൈക്കോടതിയിൽ കാവൽ നിൽക്കുന്ന ഒരു യൂണിറ്റിൽ നിന്നാണ് കൂടുതൽ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്‌തത്. മദ്രാസ് ഹൈക്കോടതി (39), ഡൽഹി വിമാനത്താവളം (28), ഗാസിയാബാദ് ആസ്ഥാനമായുള്ള റിസർവ് ബറ്റാലിയൻ (25), മുംബൈ വിമാനത്താവളം(17), ഡൽഹി മെട്രോ (17), കൊൽക്കത്ത പോർട്ട് ട്രസ്റ്റ് (16), റിലയൻസ് കോർപ്പറേറ്റ് പാർക്ക് (7), നവി മുംബൈ (7) എന്നിങ്ങനെയാണ് സ്ഥിരീകരിച്ച കേസുകൾ.
സിആർപിഎഫിൽ നിന്ന് ആറ് പേരും ബിഎസ്‌എഫിൽ നിന്ന് മൂന്ന് പേരും എസ്എസ്ബിയിൽ നിന്ന് രണ്ട് പേരും ഐടിബിപിയിൽ നിന്ന് ഒരാളും ഇതുവരെ മരിച്ചു. ഏകദേശം പത്ത് ലക്ഷത്തോളം ഉദ്യോഗസ്ഥരുടെ സംയോജിത ശക്തിയുള്ള ഈ കേന്ദ്രസേന, വിവിധതരം സുരക്ഷാ ചുമതലകൾ, ക്രമസമാധാന പാലനം, അതിർത്തി കാവൽ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ദുരന്ത നിവാരണം, ദുരിതാശ്വാസം എന്നീ പ്രവർത്തനങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്നു. 60 പ്രധാന വിമാനത്താവളങ്ങളിൽ ദേശീയ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഫോഴ്‌സിനെ വിന്യസിപ്പിച്ചിട്ടുണ്ട്.