ന്യൂഡൽഹി: ചൈനയുടെ രണ്ട് തീര സംരക്ഷണ കപ്പലുകൾ സമുദ്രാതിർത്തിയിലേക്ക് കയറിയതിന്‍റെ പേരിൽ വെള്ളിയാഴ്ച്ച ജപ്പാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ശേഷം, ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡറായ സാതോഷി സുസുക്കി ചൈനയുമായുള്ള ലഡാക്കിലെ സംഘർഷങ്ങളിൽ ഇന്ത്യക്ക് പിന്തുണ നല്‍കിയത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തവും തന്ത്രപരവുമായ ബന്ധത്തിന്‍റെ പ്രതിഫലനമായി മാറി.
'ഇന്ത്യയും ജപ്പാനും തമ്മിലുള്ള കോവിഡിന് ശേഷമുള്ള ബന്ധം' എന്ന വിഷയത്തിൽ വിവേകാനന്ദ ഫൗണ്ടേഷൻ തിങ്ക് ടാങ്ക് സംഘടിപ്പിച്ച വിർച്ച്വൽ ചർച്ചയിൽ വിദേശ കാര്യ സെക്രട്ടറി ഹർഷ വർധൻ ശൃംഗ്ലയോട് സുസുക്കി പറഞ്ഞത്, ചൈനയുമായി ലഡാക്കിൽ ഉള്ള നിയന്ത്രണ രേഖയിലെ തൽസ്ഥിതി മാറ്റി മറിക്കുവാൻ നടത്തുന്ന ഏത് ശ്രമങ്ങളെയും ജപ്പാൻ എതിർക്കും എന്നാണ്. 'വിദേശ കാര്യ സെക്രട്ടറി ശൃംഗ്ലയുമായി ഒരു നല്ല സംഭാഷണം നടത്തുകയുണ്ടായി'. ചർച്ചയ്‌ക്ക് ശേഷം സുസുക്കി ട്വീറ്റ് ചെയ്‌തു. 'നിയന്ത്രണരേഖയിലെ സ്ഥിതിഗതികളെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിശദീകരണത്തെ ഞാൻ അഭിനന്ദിക്കുന്നു. അതിൽ സമാധാനപരമായി പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യന്‍ സർക്കാർ നടത്തുന്ന നയസമീപനങ്ങളും ഉൾപ്പെട്ടിരുന്നു. ചർച്ചകളിലൂടെ സമാധാനപരമായ പരിഹാരം കാണാൻ കഴിയും എന്ന് ജപ്പാനും പ്രതീക്ഷിക്കുന്നു. പൂർവസ്ഥിതി മാറ്റി മറിക്കാനുള്ള ഏത് ഏകപക്ഷീയമായ ശ്രമത്തെയും ജപ്പാൻ എതിർക്കും'.
കഴിഞ്ഞ മാസം കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ചൈനീസ് സൈന്യവുമായി ഉണ്ടായ പോരാട്ടത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ന്യൂഡൽഹിയും ബീജിങ്ങും നയതന്ത്ര, സൈനിക തലങ്ങളിൽ സംഘർഷം അയക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. ചൈനയുടെ രണ്ട് തീര സംരക്ഷണ കപ്പലുകൾ കിഴക്കൻ ചൈന കടലിലെ തർക്ക പ്രദേശമായ സെൻകാകു ദ്വീപിനടുത്ത് തങ്ങളുടെ സമുദ്രാതിർത്തിയിലേക്ക് കടന്നു കയറിയതിന്‍റെ പേരിൽ വെള്ളിയാഴ്ച്ച ജപ്പാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞ ശേഷമാണ് ഇപ്പോൾ സുസുക്കിയുടെ ഈ പരാമർശം ഉണ്ടായിരിക്കുന്നത്. ചില റിപ്പോർട്ടുകള്‍ പ്രകാരം, രണ്ട് ചൈന കപ്പലുകൾ സെൻകാക്കൂ ദ്വീപിനടുത്ത് ദിയാവു ദ്വീപ് എന്ന ബീജിങ് വിളിക്കുന്ന പ്രദേശത്ത് വ്യാഴാഴ്ച്ച കടന്നു വരികയും ജപ്പാന്‍റെ കപ്പലിന് നേരെ വരികയും ചെയ്‌തതായി പറയുന്നു. ജപ്പാന്‍റെ മത്സ്യ ബന്ധന കപ്പലുകൾക്ക് നേരെ വന്നെത്തിയ ചൈനയുടെ കപ്പലുകളോടെ നിർത്താൻ ആവശ്യപ്പെടുകയും സെൻകാക്കൂ ദ്വീപിന് ചുറ്റുമുള്ള സമുദ്രത്തിൽ നിന്നും ഉടൻ ഒഴിഞ്ഞു പോകുവാനും അവശ്യപ്പെട്ടതായി ടോക്യോവിൽ ജപ്പാന്‍റെ മുഖ്യ വിദേശ കാബിനറ്റ് സെക്രട്ടറി യോഷിഹിതെ സുഗ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. “ശാന്തമായും, എന്നാൽ ഉറച്ച മനസോടെയും ഈ പ്രശ്‌നം ഞങ്ങൾ തുടർന്നും കൈകാര്യം ചെയ്‌തു കൊണ്ടിരിക്കും.” സുഗ പറഞ്ഞു.
ജൂൺ 22-ന് ശേഷം ഇതാദ്യമായാണ് ചൈനയുടെ കപ്പലുകൾ ജപ്പാന്‍റെ സമുദ്രാതിർത്തിയിലേക്ക് കടന്നു വരുന്നത്. ഇതിന് മുൻപ് തുടർച്ചയായി 80 ദിവസം ചൈന തങ്ങളുടെ കപ്പലുകളെ ഈ മേഖലയിലേക്ക് പറഞ്ഞു വിട്ടിരുന്നു. ജപ്പാനും ചൈനയും ഒരു പോലെ സെൻകാക്കൂ ദ്വീപിന് മേൽ അവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും 2012 മുതൽ തന്നെ ജപ്പാൻ ഈ ദ്വീപിനെ തങ്ങളുടെ ഭരണത്തിന് കീഴിൽ കൊണ്ട് വന്നിരുന്നു. ജനവാസമില്ലാത്ത അഞ്ച് ദ്വീപുകളും, മൂന്ന് വരണ്ട പാറകളും ഉൾപ്പെടുന്ന 800 ചതുരശ്ര മീറ്റർ അല്ലെങ്കിൽ 4.32 ചതുരശ്ര കിലോമീറ്റർ വലിപ്പം വരുന്ന ഒരു ദ്വീപ സമൂഹമാണ് ഇത്. ഈയടുത്ത കാലത്ത് ഈ മേഖലയിൽ ചൈന കൈയാളുന്ന വിശാലമാക്കൽ നയങ്ങൾ കടുത്ത വിമർശനങ്ങൾ വിളിച്ചു വരുത്തിയിരുന്നു.
ഇ.ടി.വി ഭാരതുമായി സംസാരിക്കവെ, ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ തിങ്ക് ടാങ്കിലെ പ്രമുഖ ഫെല്ലോയും ജപ്പാൻ പഠനങ്ങളിൽ ഇന്ത്യയിലെ മുൻ നിര വിദഗ്‌ധനുമായ കെ.വി കേശവൻ പറഞ്ഞത് ഈ മേഖലയിൽ ഇന്ത്യയും ജപ്പാനും തന്ത്രപരമായി അടുത്ത ബന്ധമുള്ള പങ്കാളികളാണ് എന്നതിന്‍റെ പ്രതിഫലനമാണ് സുസുക്കിയുടെ പ്രസ്‌താവന എന്നാണ്. 'ഉഭയകക്ഷി തലത്തിൽ മാത്രമല്ല, മറ്റ് തലങ്ങളിലും നമ്മൾ ഇന്ത്യയും ജപ്പാനും ഒരേ ഉല്‍ഖണ്‌ഠ പങ്കിടുന്നവരാണ്'. കേശവൻ പറഞ്ഞു. ഇന്ത്യ- ഭൂട്ടാൻ- ചൈന ത്രികോണ കൂട്ടുപാതയിൽ 2017-ൽ ഡോക്‌ലാമിൽ ഇന്ത്യയും ചൈനയും തമ്മിൽ ഉണ്ടായ 72 ദിവസം നീണ്ട സംഘർഷ വേളയിലും അന്നത്തെ ജപ്പാൻ അംബാസിഡർ കെൻജി ഹിരാമത്സു ഇതേ അഭിപ്രായം തന്നെ പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് കേശവൻ ഓർക്കുന്നു. 'നമ്മുടെ പങ്കാളിത്തം സംബന്ധിച്ച ഒരു വ്യക്തമായ അഭിപ്രായ പ്രകടനമായിരുന്നു അതെന്നും 'കിഴക്കൻ ചൈന കടലിൽ ജപ്പാൻ അനുഭവിക്കുന്ന വിഷമങ്ങളിൽ നമ്മളും തുല്യമായ അനുതാപം ജപ്പാനോട് പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു'.