ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ ചൈനക്ക് ശക്തമായ മറുപടി നല്‍കി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ചൈന അവസാനിപ്പിക്കണമെന്നും ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യ തിരിച്ചടിച്ചു. ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള വലിയ നീക്കം നിയമവിരുദ്ധവും ഒഴിവാക്കേണ്ടതുമായിരുന്നുവെന്നായിരുന്നു ചൈനയുടെ പ്രതികരണം.
ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും മറ്റ് രാജ്യങ്ങൾ ബഹുമാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളില്‍ ചൈന വലിയൊരു പ്രദേശം കൈവശപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 370 പ്രകാരമുള്ള സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ പ്രഖ്യാപനം പ്രാബല്യത്തിലായതോടെ ജമ്മു കശ്മീർ വ്യാഴാഴ്ച രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. ആർട്ടിക്കിൾ 370 റദ്ദാക്കിയതും ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി രൂപീകരിക്കിച്ചും കൊണ്ടുള്ള കേന്ദ്രത്തിന്‍റെ ഉത്തരവിനെ ചൈന നേരത്തെ എതിർത്തിരുന്നു.
ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്ര ഭരണ പ്രദേശങ്ങൾ സ്ഥാപിക്കാന്‍ ഇന്ത്യയുടെ പ്രഖ്യാപിച്ചതിലൂടെ ചൈനയുടെ ചില പ്രദേശങ്ങൾ അതിന്‍റെ ഭരണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗെംഗ് ഷുവാങ് ബീജിംഗിൽ മാധ്യമങ്ങളോട് പറഞ്ഞു.തീരുമാനത്തെ ചൈന ശക്തമായി എതിർക്കുന്നു. ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്ത് ഇന്ത്യ ഏകപക്ഷീയമായി ആഭ്യന്തര നിയമങ്ങളും ഭരണ വിഭജനവും നടത്തിയെന്നും അദ്ദേഹം പറഞ്ഞു.