ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം. ദിവസേന അധ്വാനിക്കുന്നവരുടെ മേലുള്ള ക്രൂരമായ പ്രഹരമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, വിശക്കുന്നവര്‍ക്ക് വേണ്ടിയുള്ളതൊന്നും തന്നെ ധനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ടായിരുന്നില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി. 13 കോടിയോളം വരുന്ന താഴേത്തട്ടിലുള്ള കുടുംബങ്ങളിലേക്ക് പണം എത്തുന്നില്ല.
സാമ്പത്തിക പാക്കേജില്‍ നിരാശ പ്രകടിപ്പിച്ച് പി ചിദംബരം - പി ചിദംബരം
നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, വിശക്കുന്നവര്‍ക്ക് വേണ്ടിയുള്ളതൊന്നും തന്നെ ധനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ടായിരുന്നില്ലെന്ന് ചിദംബരം പറഞ്ഞു
ചെറുകിട ഇടത്തരം വ്യവസായ മേഖലകള്‍ക്കായി ചില ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാവരിലേക്കും ഇതെത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കേജിലെ 3.6 ലക്ഷം കോടി രൂപയാണ് ഇന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ബാക്കിയുള്ള 16.4 ലക്ഷം കോടിയെവിടെയെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രം കൂടുതല്‍ കടം വാങ്ങുകയും ചെലവഴിക്കുകയും വേണം ഒപ്പം സംസ്ഥാനങ്ങളെ കടം വാങ്ങാന്‍ അനുവദിക്കണമെന്നും എന്നാല്‍ സര്‍ക്കാര്‍ അങ്ങനെ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ ധനമന്ത്രി നീക്കിയിരുപ്പ് നടത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.