റായ്പൂർ: ഒഡിഷയിലെ മൽകാൻഗിരി ജില്ലയിൽ മാവോയിസ്റ്റ് വിഭാഗത്തിന്‍റെ തോക്കുനിർമാണശാല ഛത്തീസ്ഗഡ് പൊലീസ് തകർത്തു. നക്സലുകൾക്ക് ആയുധമെത്തിക്കാൻ സഹായിച്ചിരുന്ന മാവോയിസ്റ്റ് അനുഭാവി ജഗനാഥ് ബർണായി(45)യേയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മസ്സിൽ ലോഡിങ് തോക്കുകളുൾപ്പെടെ ആയുധനിർമാണ സാമഗ്രികളും ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
മാവോയിസ്റ്റ് തോക്കുനിർമാണശാല തകർത്ത് ഛത്തീസ്‌ഗഡ് പൊലീസ്
നക്സലുകൾക്ക് ആയുധമെത്തിക്കാൻ സഹായിച്ചിരുന്ന മാവോയിസ്റ്റ് അനുഭാവിയേയും പൊലീസ് പിടികൂടി.
ഛത്തീസ്ഗഡിലെ സുക്മയിൽ ഗാദിരാസ് പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച അറസ്റ്റിലായ മാധ്വി ജോഗ (40) എന്ന നക്സൽ പ്രവർത്തകൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സുക്മ പൊലീസ് സൂപ്രണ്ട് ശലഭ് സിൻഹ അറിയിച്ചു. മൽകാൻഗിരി പൊലീസുമായി സഹകരിച്ചായിരുന്നു പരിശോധന.
കതെകല്യാൺ ഏരിയാ കമ്മിറ്റി അംഗമായ ഇയാളിൽ നിന്നും തോക്ക് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. നേരത്തെ ഇയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ എട്ട് വർഷത്തോളമായി സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഇയാൾ തോക്ക് വിതരണം നടത്തിയിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.