ബെംഗളുരു:ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്‍റെ ഭാഗമായ വിക്രം ലാന്‍ഡറിന്‍റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചു.ചന്ദ്രനില്‍ രാത്രിയായതോടെ വിക്രവുമായി ബന്ധപ്പെടാനുള്ള എല്ലാ സാധ്യതയും അവസാനിച്ചു. സോഫ്റ്റ് ലാന്‍ഡിങിന്‍റെ അവസാന ഘട്ടത്തില്‍ ലാന്‍ഡറിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനാണ് ഇനി ഐ.എസ്.ആര്‍.ഒയുടെ ശ്രമം. സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന വിക്രം ലാന്‍ഡറിന്‍റെ ആയുസ് 14 ദിവസമായിരുന്നു. ചന്ദ്രനിലെ 14 ദിവസത്തെ പകല്‍ അവസാനിച്ച് അത്ര തന്നെ ദൈര്‍ഘ്യമുള്ള രാത്രി തുടങ്ങിയതോടെ ലാന്‍ഡറിന് ഇനി പ്രവര്‍ത്തിക്കാനാകില്ല.
ചന്ദ്രയാൻ-2 ദൗത്യത്തിന് ഇന്ത്യൻ ജനത നൽകിയ പിന്തുണയ്ക്ക് ഇസ്റോ നന്ദി രേഖപ്പെടുത്തി. ‘ഒപ്പം നിന്നതിനു നന്ദി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും ഊർജമേകി മുന്നോട്ടു പോകാനുള്ള ശ്രമം തുടരും.’- ഇസ്റോ ഔദ്യോഗിക സമൂഹ മാധ്യമ പേജിൽ കുറിച്ചു.
സെപ്റ്റംബര്‍ 7ന് വിക്ര൦ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ പദ്ധതിയിട്ടത്. പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍മിക്കപ്പെട്ടിരുന്ന വിക്രം ലാന്‍ഡറിന്‍റെ ബാറ്ററിയുടെ ആയുസ് ചാന്ദ്ര പകലിനൊപ്പം അവസാനിക്കും. അതായത്, വിക്രം ലാൻഡറിന്‍റെ ബാറ്ററിക്ക് 14 ദിവസത്തെ ആയുസാണുള്ളത്. കൂടാതെ, ചന്ദ്രന്‍റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും ലാന്‍ഡറില്‍ ഇല്ല.
സെപ്‌റ്റംബർ എട്ടിന് ചന്ദ്രോപരിതലത്തിൽ ലാൻഡർ കണ്ടെത്തിയത് ആശ്വാസം നൽകുന്നതാണെന്ന് ഐ.എസ്.ആർ.ഒ പറഞ്ഞു. ചന്ദ്രോപരിതലം മാപ് ചെയ്യുന്നതിനും ചന്ദ്രന്‍റെ ബാഹ്യാന്തരീക്ഷം പഠിക്കുന്നതിനുമായി എട്ട് ശാസ്‌ത്രീയ പേലോഡുകളാണ് ഭ്രമണപഥം വഹിക്കുന്നത്. ഇന്ത്യയുടെ ജിയോ സിൻക്രോണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ജിഎസ്എൽവി എംകെഐഐഐ-എം1 3,840 കിലോഗ്രാം ചന്ദ്രയാൻ -2 ബഹിരാകാശ പേടകം ജൂലൈ 22 ന് ഭൂമിയുടെ ഭ്രമണപഥത്തിൽ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഈ ബഹിരാകാശ വാഹനം ഓഗസ്റ്റ് 20 ന് വിജയകരമായി ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിക്കുകയും 'വിക്രം' ഭ്രമണപഥത്തിൽ നിന്ന് വേർപെടുത്തുകയും ചെയ്‌തു.