അഹമ്മദാബാദ്: ചന്ദ്രയാൻ 2 ഓര്‍ബിറ്ററിന്‍റെ പ്രവര്‍ത്തനത്തില്‍ സംതൃപ്‌തി അറിയിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാൻ കെ.ശിവൻ. എന്നാല്‍ വിക്രം ലാൻഡറിൽ നിന്ന് സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ല. വിക്രം ലാൻഡറുമായുള്ള സിഗ്നല്‍ തകരാര്‍ വിശകലനം ചെയ്യുന്നതിനായി ദേശീയ തലത്തില്‍ കമ്മിറ്റി രൂപീകരിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചന്ദ്രയാൻ 2 ഓര്‍ബിറ്റര്‍ പ്രവര്‍ത്തനം തൃപ്‌തികരമെന്ന് കെ.ശിവൻ - ചാന്ദ്രയാൻ 2 ഓര്‍ബിറ്റര്‍ പ്രവര്‍ത്തനം
വിക്രം ലാൻഡറില്‍നിന്ന് സിഗ്നലുകളൊന്നുമില്ലെന്നും കെ.ശിവൻ
ചെറുകിട ഉപഗ്രഹ വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒ തയ്യാറെടുക്കുകയാണെന്നും നിലവില്‍ ആദിത്യ-എൽ 1 മിഷൻ, ഗഗന്യാൻ മിഷൻ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗഗന്യാൻ ബഹിരാകാശ പദ്ധതി ഐഎസ്ആര്‍ഒയുടെ സ്വപ്‌ന പദ്ധതികളിലൊന്നാണ്. ബഹിരാകാശത്തേക്ക് രണ്ട് ആളില്ലാ ദൗത്യങ്ങൾ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്ന് 2020ലും ഒന്ന് 2021 ഡിസംബറിലുമാണ് നടക്കുക. ഇന്ത്യൻ സൊസൈറ്റി ഓഫ് സിസ്റ്റംസ് ഫോർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു കെ.ശിവൻ. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമാണ് ഗഗന്യാൻ.