ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ ആക്രമണം നടന്നത് കേന്ദ്രത്തിന്‍റെ സുരക്ഷാ വീഴ്ചയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹി മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്ക്കണമെന്ന് കേജ്രിവാള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തനിക്കെതിരെ നടന്ന ഒമ്പതാമത്തെ ആക്രമണമാണ് ഇന്നലത്തേത്. ഡൽഹി മുഖ്യമന്ത്രിയായതിന് ശേഷം അഞ്ചാമത്തെ ആക്രമണവും. ഇതിന് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്നും കേജ്രിവാള്‍ ആരോപിച്ചു.
കേന്ദ്രത്തിന്‍റെ സുരക്ഷാ വീഴ്ച; പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് അരവിന്ദ് കേജ്രിവാള്‍ - സുരക്ഷാ
പ്രധാനമന്ത്രിക്കെതിരെ ആരു സംസാരിച്ചാലും വെറുതെ വിടില്ല എന്ന സന്ദേശമാണ് തനിക്കെതിരെയുള്ള ആക്രണങ്ങളിലൂടെ ബിജെപി തെളിയിക്കാൻ ശ്രമിക്കുന്നതെന്ന് കേജ്രിവാള്‍.
ഒരു മുഖ്യമന്ത്രി പൊതുജനമധ്യത്തില്‍ ആക്രമിക്കപ്പെട്ടപ്പോഴും പരാതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ കേസ് എടുക്കുന്നില്ല. ബിജെപിക്ക് ആം ആദ്മി പാർട്ടിയോടുള്ള ഭയമാണ് ഇതിലൂടെ തെളിയുന്നതെന്ന് കേജ്രിവാള്‍ പറഞ്ഞു. ഒരു സാധാരണക്കാരൻ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് എത്തുന്നത് ബിജെപിക്ക് സഹിക്കുന്നില്ല. തന്‍റെ ഓഫീസുകളിൽ സിബിഐയും വീട്ടിൽ ഡൽഹി പൊലീസും റെയ്ഡ് നടത്തി. ഈ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ തന്നെ ആക്രമിക്കുകയാണെന്നും കേജ്രിവാള്‍ ആരോപിച്ചു.
ശനിയാഴ്ച ഡൽഹിയിലെ മോട്ടി നഗറിൽ റോഡ് ഷോയ്ക്കിടെയാണ് കേജ്രിവാളിനെതിരെ ആക്രമണമുണ്ടായത്. ഓപ്പൺ ജീപ്പിൽ ചാടിക്കയറിയ യുവാവ് മുഖത്തടിക്കുകയായിരുന്നു. പ്രതി സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.