ന്യൂഡല്‍ഹി:സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രാജ്യത്തെ കരകയറ്റാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് കഴിവില്ലെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. 2004നും 2014നും ഇടയിൽ 140 ദശലക്ഷം ആളുകളെ യുപിഎ സര്‍ക്കാര്‍ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. എന്നാല്‍ 2016 മുതൽ എൻഡിഎ സര്‍ക്കാര്‍ ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യരേഖക്ക് താഴെയാക്കി മാറ്റിയെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു.
സമ്പദ്‌വ്യവസ്ഥക്ക് മാന്ദ്യത്തിൽ നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കും. പക്ഷേ ഈ സര്‍ക്കാരിന് അതിന് കഴിയില്ല. കോൺഗ്രസും മറ്റ് ചില പാർട്ടികളും സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്ന് പുറത്തെടുത്ത് സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കാൻ സജ്ജരാണെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ മികച്ച അവസരത്തിനായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഘടനാപരമായ പ്രശ്‌നങ്ങളാണ് ഇതിന് കാരണം. എന്നാല്‍ ഇത് പരിഹരിക്കാനാവശ്യമായ പരിഷ്‌കാരങ്ങളൊന്നും സര്‍ക്കാരിന്‍റെ പക്കലില്ല. എൻഎസ്‌എസ്ഒ പ്രകാരം ഗ്രാമീണ ഉപഭോഗം കുറഞ്ഞു. ഗ്രാമീണ വേതനം കുറഞ്ഞു. ഉൽപാദകരുടെ വില കുറഞ്ഞു, പ്രത്യേകിച്ച് കർഷകരുടെ. പ്രതിദിന വേതനക്കാർക്ക് മാസത്തിൽ 15 ദിവസത്തിൽ കൂടുതൽ ജോലി ലഭിക്കുന്നില്ല. ഒരു കിലോ ഉള്ളി 100 രൂപക്ക് വില്‍ക്കേണ്ടി വരുന്നു. ഡിമാൻഡ് വർധിച്ചില്ലെങ്കിൽ ഉൽപാദനമോ നിക്ഷേപമോ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎൻഎക്‌സ് മീഡിയ കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇന്നലെയായിരുന്നു ചിദംബരം തിഹാർ ജയിലിൽ നിന്നും മോചിതനായത്. ജാമ്യം നൽകാൻ വിസമ്മതിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെ മറികടന്നാണ് സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം നൽകിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകളെയും സാക്ഷികളെയും സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകരുതെന്നും പരസ്യ പ്രസ്‌താവനകൾ നടത്തരുതെന്നും നിർദേശമുണ്ട്.