കേരളം

kerala

ETV Bharat / bharat

കശ്മീർ- ജമാ അത്തെ ഇസ്ലാമി ഭീകരര്‍ക്ക് പണം നൽകിയെന്ന് കേന്ദ്രം

തീവ്രവാദത്തെ പിന്തുണക്കുന്നതാണ് കശ്മീർ- ജമാ അത്തെ ഇസ്ലാമിയുടെ നിലപാട്. കശ്മീരിനെ ഇസ്ലാമിക രാജ്യമാക്കാനാണ് സംഘടനയുടെ ശ്രമമെന്നും കേന്ദ്രം.

ഫയൽ ചിത്രം

By

Published : Mar 2, 2019, 10:13 AM IST

കശ്മീർ-ജമാ അത്തെ ഇസ്ലാമി തീവ്രവാദികള്‍ക്ക് സഹായമെത്തിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ജമാ അത്തെ ഇസ്ലാമിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇക്കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ അബ്ദുള്‍, ഹമീദ് ഫയാസ് തുടങ്ങിയ നേതാക്കളടക്കം മുന്നൂറോളം പ്രവര്‍ത്തകര്‍ സുരക്ഷാ സേനയുടെ കസ്റ്റഡിയിലാണ്. കഴിഞ്ഞ പത്തുദിവസമായി കശ്മീര്‍ താഴ്‌വരയില്‍ സൈന്യം തുടരുന്ന പരിശോധനയിലാണ് കശ്മീര്‍- ജമാ അത്തെ ഇസ്ലാമിയുടെ പാക് ബന്ധം സംബന്ധിച്ച ശക്തമായ തെളിവുകള്‍ ലഭിച്ചത്. ഇതിന് പിന്നാലെ വ്യാഴാഴ്ച രാത്രി ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം സംഘടനയെ നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറക്കുകയായിരുന്നു.

രാജ്യ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നു, ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്‍റിന് കളമൊരുക്കുന്നു, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു, കശ്മീരിനെ ഇസ്ലാമിക രാജ്യമാക്കാന്‍ ശ്രമിക്കുന്നു, ഇന്ത്യ കശ്മീരില്‍ അതിക്രമിച്ച് കയറിയെന്ന തരത്തിലുള്ള വിഘടനവാദ പ്രചാരണങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നു, രാജ്യത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് ജമാ അത്തെ ഇസ്ലാമിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അനന്ത് നാഗിലും ഫല്‍ഗാമിലും ഡയല്‍ഗാമിലും ത്രാലിലും കശ്മീര്‍- ജമാ അത്തെ ഇസ്ലാമി ശക്തമായ സാന്നിധ്യമാണ്. കേന്ദ്രത്തിന്‍റെ അടുത്ത ലക്ഷ്യം ഹുറിയത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ABOUT THE AUTHOR

...view details