ലോക്ക് ഡൗണിന് ശേഷം പരീക്ഷകൾ നടത്തുമെന്ന് സിബിഎസ്‌ഇ - മനീഷ് സിസോദിയ
പത്ത്, പ്ലസ്‌ടു ക്ലാസുകളിലായി 29 പരീക്ഷകളാണ് നടത്താനുളളത്. ലോക്ക് ഡൗൺ കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷമായിരിക്കും പരീക്ഷകൾ നടത്തുകയെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി.
ന്യൂഡൽഹി: ലോക്ക് ഡൗണിന് ശേഷം പരീക്ഷകൾ നടത്തുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ അറിയിച്ചു. ലോക്ക് ഡൗൺ കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷമായിരിക്കും പരീക്ഷകൾ നടത്തുക. ശേഷിക്കുന്ന പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കാനോ, ഇന്‍റേണൽ അസെസ്‌മെന്‍റിന്‍റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ ജയിപ്പിക്കാനോ തീരുമാനിച്ചിട്ടില്ലെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി. പത്ത്, പ്ലസ്‌ടു ക്ലാസുകളിലായി 29 പരീക്ഷകളാണ് നടത്താനുളളത്. സ്ഥിതി സാധാരണ നിലയിലായാൽ ശേഷിക്കുന്ന ബോർഡ് പരീക്ഷകൾ സിബിഎസ്ഇ നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു. എച്ച്ആർഡി മന്ത്രിയും മറ്റ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായുള്ള ചർച്ചയിൽ ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയാണ് ഇന്‍റേണൽ അസെസ്‌മെന്‍റിന്‍റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ വിജയിപ്പിക്കുന്നതിനെക്കുറിച്ച് നിർദേശിച്ചത്.