രാജ്യം ഉറ്റുനോക്കുന്ന 17-ാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തീയതികൾ ഇന്ന് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തോടൊപ്പം രാജ്യത്ത് പെരുമാറ്റച്ചട്ടവും നിലവിൽ വന്ന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികള്‍ക്ക് മത്സരിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ മാനദണ്ഡവും ചര്‍ച്ചയാകുകയാണ്.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ കേസിനെ സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കണം. മാത്രമല്ല പത്രത്തില്‍ പരസ്യം നല്‍കിയതിന്‍റെ തെളിവ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിക്കുകയും വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. വോട്ടർമാർക്ക് ക്രിമിനൽ കേസുള്ള സ്ഥാനാർഥികളെ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും. വോട്ടിങ് യന്ത്രത്തിൽ ചിഹ്നത്തിനൊപ്പം സ്ഥാനാർഥികളുടെ ചിത്രവും ഉണ്ടായിരിക്കും. ചിത്രങ്ങളുള്‍പ്പെടുത്തുന്നത് അപരന്മാര്‍ക്ക് ഭീഷണിയാകുമെന്നാണ് കമ്മീഷന്‍ കണക്ക് കൂട്ടുന്നത്.