കാർഷിക മേഖലയ്ക്ക് ഊന്നല്‍: ബജറ്റില്‍ തൊഴിലിനും നിക്ഷേപത്തിനും പ്രധാന്യമെന്നും സൂചന - നിർമ്മല സീതാരാമൻ
കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട അടിസ്ഥാന സൗകര്യ വികസന സഹായത്തിലും ബജറ്റില്‍ നിർദ്ദേശമുണ്ടായേക്കും.
ന്യൂഡല്‍ഹി: കാർഷിക മേഖലയ്ക്ക് പ്രത്യേക പരിഗണനയും തൊഴിലിനും നിക്ഷേപത്തിനും പ്രധാന്യവും നല്‍കിയുള്ള ബജറ്റായിരിക്കും നാളെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുക എന്ന് സൂചന. ഇന്ധന വിലയില്‍ കുറവ് വരുമെന്നും നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുമെന്നും ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേയില്‍ വ്യക്തമാക്കുന്നു. രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്‍റില്‍ വെച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യനാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
വരുന്ന സാമ്പത്തിക വർഷം ഏഴ് ശതമാനം സാമ്പത്തിക വളർച്ചയാണ് ലക്ഷ്യമിടുന്നത്. അത് എട്ട് ജിഡിപി ആയാല്‍ സാമ്പത്തിക നിലയില്‍ കൂടുതല്‍ വളർച്ചയുണ്ടാകും.
വളർച്ചയിലെ മെല്ലെപ്പോക്ക്, ജിഎസ്ടി, കാർഷിക പദ്ധതികൾ എന്നിവ നിലവില്‍ സാമ്പത്തിക രംഗത്ത് വെല്ലുവിളിയാണ്. അത് പരിഹരിക്കുന്നതിനുള്ള നടപടികളും ബജറ്റിലുണ്ടായേക്കും. നോട്ടു നിരോധനവും ജി.എസ്.ടിയും ആഘാതമേൽപ്പിച്ച ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ, പുനർജീവൻ തേടുന്ന ഘട്ടത്തിൽ നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റ് ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റു നോക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണ് 2018-2019 കാലയളവിൽ രാജ്യം അഭിമുഖികരിച്ചത്.
2017-’18 സാമ്പത്തികവർഷം തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന ശതമാനമാണ് രേഖപ്പെടുത്തിയത്. സെന്‍റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കനുസരിച്ച് 2019 ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി ഉയർന്നിരിക്കുന്നു. 2017-’18 അഞ്ചുശതമാനം വളർച്ച കൈവരിച്ച കാർഷികമേഖല 2018-19 സാമ്പത്തിക വർഷം കൈവരിച്ചത് 2.9 ശതമാനം മാത്രമാണ്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനുള്ള നീതി ആയോഗ് നിർദ്ദേശങ്ങൾക്കും ബജറ്റില്‍ സഹായമുണ്ടാകും. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട അടിസ്ഥാന സൗകര്യ വികസന സഹായത്തിലും ബജറ്റില്‍ നിർദ്ദേശമുണ്ടായേക്കും.