ബംഗളൂരു: കർണാടക ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് തകർച്ച. 28 സീറ്റിൽ 24 നേടി ബിജെപി വൻ വിജയം നേടിയത് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ സംസ്ഥാന സർക്കാരിന് വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്.
താമര വിരിഞ്ഞു : കർണാടക "കൈ "വിട്ടു - എച്ച് ഡി ദേവഗൗഡ
കർണാടകയിലെ 28 മണ്ഡലങ്ങളിൽ 24 ഉം നേടിയാണ് ബിജെപി കന്നഡ മണ്ണില്‍ വിജയം നേടിയത്. കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് നേടാനായത് മൂന്ന് സീറ്റ് മാത്രം. മാണ്ഡ്യയിൽ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥി നടി സുമലത അമ്പരീഷിന് ജയം.
കർണാടകയിൽ കോൺഗ്രസ്- ജെഡിഎസ് സഖ്യം സർക്കാർ രൂപീകരിച്ച് ഒരു വർഷം പിന്നിടുന്ന വേളയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാര സ്വാമി, കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖർഗെ തുടങ്ങിയ മുൻനിര നേതാക്കളെ അണിനിർത്തി ഇറങ്ങിയ കർണാടകയിൽ യുപിഎ സഖ്യം തകർന്നടിയുകയായിരുന്നു. ഇത് സംസ്ഥാനം ഭരിക്കുന്ന കുമാരസ്വാമി സർക്കാരിന്‍റെ വീഴ്ചയ്ക്ക് വഴി വക്കാൻ ഏറെ സാധ്യതെയാണ്. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിക്ക് മാണ്ഡ്യയിൽ വേണ്ടത്ര പിന്തുണ നൽകാത്തത് മുതൽ നിരവധി പ്രശ്നങ്ങൾക്ക് ഇനി കോൺഗ്രസ്-ജെഡിഎസ് സഖ്യങ്ങൾ തമ്മിലുള്ള പോരിന് വഴിവെക്കും.
ലോക്സഭ പ്രതിപക്ഷ നേതാവായ മലികാർജ്ജുന ഖാർഗെയുടെ തോൽവി കർണാടകയില്‍ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. കൽബുർഗിൽ ബിജെപിയുടെ ഉമേഷ് യാദവിനോടാണ് ഖർഗെ തോറ്റത്. തുമക്കൂറിൽ ജി.എസ് ബാസവാരാജിനോട് ജനതാദൾ നേതാവ് ദേവഗൗഡയ്ക്കും തോല്‍വി സമ്മതിക്കേണ്ടി വന്നു.