പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാവ് ബി.എസ് യെദിയൂരപ്പ എന്നിവരടങ്ങുന്ന മൂന്നംഗ സംഘം കർണാടകയിലെ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യസർക്കാരിനെ തകർക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്.
കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയാണ് ആരോപണവുമായി രംഗത്തെത്തിയത്. ബി.ജെ.പിയുടെ മൂന്നംഗ സംഘം കർണാടകയിലെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
അതേസമയം, കർണാടകയിലെ നാല് കോൺഗ്രസ് എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് സിദ്ധരാമയ്യ സ്പീക്കർക്ക് കത്ത് നൽകി. ബജറ്റ് സമ്മേളനത്തിലും നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുക്കാത്ത എം.എൽ.എമാർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്.
കർണാടകയിലെ എം.എൽ.എമാരെ സ്വാധീനിക്കാൻ യെദിയൂരപ്പ ശ്രമിച്ചതിന്റെ ശബ്ദശകലം പുറത്ത് വിട്ട് കർണാടക സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും ആരോപിച്ചിരുന്നു.