ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കാനുള്ള നടപടികളുമായി ബിജെപി. പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം വീടുകള്‍തോറും കയറി നിയമത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ ഭുപേന്ദര്‍ യാദവ് പ്രഖ്യാപനം നടത്തിയത്.
പൗരത്വ ഭേദഗതി നിയമം ജനങ്ങളിലേക്കെത്തിക്കാന്‍ ബിജെപി
പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം വീടുകള്‍തോറും കയറി നിയമത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കണമെന്ന് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി
ദേശീയ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും പൗരത്വ രജിസ്റ്ററിനെക്കുറിച്ചും നിരവധി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. അത് പരിഹരിക്കുന്നതിന് ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും ശ്രമിക്കണം. രാജ്യവ്യാപകമായി പാര്‍ട്ടി അംഗങ്ങള്‍ വീടുകള്‍ കയറി ജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്ന് ഭുപേന്ദര്‍ യാദവ് വ്യക്തമാക്കി. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പത്ത് ദിവസത്തിനുള്ളില്‍ പൗരത്വ ഭേദഗതി നിയമത്തിന് മുകളിലുള്ള പുകമറ നീക്കണമെന്നും ഭുപേന്ദര്‍ യാദവ് പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു.
പുതിയ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ സംഘര്‍ഷം പരിഹരിക്കേണ്ടത് എങ്ങനെയാണെന്നതില്‍ തീരുമാമെടുക്കാന്‍ ബിജെപി മുതിര്‍ന്ന നേതാക്കള്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭുപേന്ദര്‍ യാദവ് വാര്‍ത്താസമ്മേളനം നടത്തിയത്.